ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായി) ഉദ്യോഗസ്ഥനെന്ന പേരില്‍ ഡിജിറ്റല്‍ അറസ്റ്റ് നടത്തി തട്ടിപ്പുകാര്‍ ബോംബെ ഐഐടി വിദ്യാര്‍ത്ഥിയില്‍ നിന്ന് 7.29 ലക്ഷം രൂപ തട്ടി.(Digital arrest: IIT Bombay student cheated of Rs 7 lakh) വ്യാപകമാവുന്ന പുതിയ തട്ടിപ്പ് രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ്. പോലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ തുടങ്ങിയ പേരുകളില്‍ ഓഡിയോ/വീഡിയോ കോള്‍ ചെയ്താണ് ഇവര്‍ ഇരകളില്‍ നിന്ന് പണം തട്ടുന്നത്.
|
ഈ വര്‍ഷം ജൂലൈയിലാണ് 25കാരന് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ ലഭിച്ചത്. ട്രായി ഉദ്യോഗസ്ഥനാണെന്നാണു പരിചയപ്പെടുത്തിയത്. യുവാവിന്റെ മൊബൈല്‍ നമ്പറില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി 17 പരാതികളുണ്ടെന്ന് ഇയാള്‍ പറഞ്ഞു.
ALSO READ: ഡ്രൈവര്‍ ഉറങ്ങി; സ്‌കോര്‍പിയോ ട്രക്കിലിടിച്ച് അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം
നമ്പര്‍ ഡീആക്ടിവേറ്റ് ചെയ്യാതിരിക്കണമെങ്കില്‍ പോലീസില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. തുടര്‍ന്ന് സൈബര്‍ ക്രൈം ബ്രാഞ്ചിന് കോള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതായി തട്ടിപ്പുകാര്‍ അറിയിച്ചു.
വാട്‌സാപ്പ് വീഡിയോ കോള്‍ വഴിയായിരുന്നു തുടര്‍ന്നുള്ള ആശയവിനിമയം. വീഡിയോകോളില്‍ പോലീസ് ഉദ്യോഗസ്ഥന്റെ യൂനിഫോം അണിഞ്ഞ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ഇയാള്‍ വിദ്യാര്‍ഥിയുടെ ആധാര്‍ നമ്പര്‍ ആവശ്യപ്പെട്ടു. ആധാര്‍ നമ്പര്‍ പരിശോധിച്ച ശേഷം ഈ നമ്പര്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് തട്ടിപ്പുകാര്‍ ബോധ്യപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട കാര്യത്തിന് 29,500 രൂപ യുപിഐ വഴി അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു.
ഈ പണം അയച്ചുകൊടുത്ത വിദ്യാര്‍ഥിയോട് നിങ്ങളെ ഡിജിറ്റല്‍ അറസ്റ്റില്‍ വച്ചിരിക്കുന്നതായും ആരുമായും ബന്ധപ്പെടരുതെന്നും ആവശ്യപ്പെട്ടു. കൂടുതല്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ പിറ്റേന്ന് വീണ്ടും വിളിച്ചു. ഇത്തവണ 25കാരന്‍ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് നല്‍കി. ഈ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ 7 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. പണം ലഭിച്ചതോടെ നിങ്ങള്‍ ഇനി സുരക്ഷിതനാണെന്നും അറസ്റ്റ് ഭയക്കേണ്ടതില്ലെന്നും അറിയിച്ചു.
തുടര്‍ന്ന് ഡിജിറ്റല്‍ അറസ്റ്റിനെ കുറിച്ച് ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തതോടെയാണ് താന്‍ പറ്റിക്കപ്പെട്ടതായി യുവാവിന് മനസ്സിലായത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





