23
Dec 2024
Thu
23 Dec 2024 Thu

കാസര്‍കോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ജിന്നുമ്മ എന്ന ഷമീനക്കും ഭര്‍ത്താവ് ഉബൈസിനും ഉന്നത് ബന്ധങ്ങള്‍. പ്രതികള്‍ താമസിക്കുന്നത് കുളിക്കുന്നിലെ ആഡംബര വീട്ടിലാണ്. ലക്ഷങ്ങളാണ് ഇവര്‍ ഇതിനായി മുടക്കിയത്. വീട്ടില്‍ പല പ്രമുഖരും സന്ദര്‍ശനത്തിനെത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്. സി.സി.ടി.വി സംവിധാനമുള്ള ഉയര്‍ന്ന മതില്‍ക്കെട്ടിനുള്ളില്‍ നടക്കുന്ന അക്കാര്യങ്ങള്‍ ഏവര്‍ക്കും അജ്ഞാതമാണ്. രാഷ്ട്രീയ സ്വാധീനമുള്ള പലരുമായും ജിന്നുമ്മയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശവാസിയായ മുഹമ്മദ് എന്നയാളില്‍ നിന്നും വീട് വാങ്ങിയശേഷം കോടികള്‍ മുടക്കിയാണ് ഇവര്‍ അതിന്റെ മോടി കൂട്ടി. ചുറ്റും സിസിടിവി നിരീക്ഷണ സംവിധാനം സ്ഥാപിച്ചു. ഉയരമുള്ള മതിലായതിനാല്‍ വീടിനുള്ളിലോ പരിസരത്തോ എന്താണ് സംഭവിക്കുന്നതെന്ന് അയല്‍വാസികള്‍ പോലും അറിയാറില്ല. വീട്ടില്‍ നിത്യസന്ദര്‍ശകരായിരുന്നത് പ്രമുഖരടക്കം നിരവധിപേരാണെന്ന് പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള ബന്ധങ്ങള്‍ കാരണമാണ് ബേക്കല്‍ പൊലീസ് നേരത്തേ അന്വേഷണം ഉഴപ്പിയതിന് കാരണമെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

ആഡംബര വീട്ടില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, കളനാട് ഒരു പള്ളി ഉദ്ഘാടനത്തിനെത്തി തിരിച്ച് പോകുമ്പോള്‍ ഇവിടെ ഹ്രസ്വ സന്ദര്‍ശനം നടത്തിയെന്നാണ് പറയയുന്നത്. പ്രസ്ഥാനവുമായി സഹകരിക്കുന്ന ചിലര്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു സന്ദര്‍ശനമെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ ഇതില്‍ കണ്ടെത്തേണ്ടതില്ലെന്നുമാണ് എ.പി വിഭാഗം സമസ്തയുടെ മറുപടി. കാന്തപുരം മാത്രമല്ല, മറ്റ് പല പ്രമുഖരും ഇവരുടെ വീട് സന്ദര്‍ശിച്ചിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള പലരുമായും ജിന്നുമ്മയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.

ഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിന്റെ തെളിവെടുപ്പിനിടെ അന്വേഷണസംഘം 100 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൂടി കണ്ടെടുത്തു. കാസര്‍കോട്ടെ മൂന്ന് ജ്വല്ലറികളില്‍ നിന്ന് ചട്ടഞ്ചാലിനടുത്ത സഹകരണസ്ഥാപനത്തില്‍ നിന്നുമാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. പ്രതികളെ ഇവിടങ്ങളിലേക്ക് തെളിവെടുപ്പിനെത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഗഫൂര്‍ ഹാജിയില്‍ നിന്ന് പ്രതികള്‍ കൈക്കലാക്കിയത് 596 പവന്‍ സ്വര്‍ണ്ണമാണെന്നാണ് കുടുംബം പറഞ്ഞത്.

Pravasi businessman Murder: Accused ‘Jinnumma’ has high level connections