15
Feb 2025
Fri
15 Feb 2025 Fri
brazilian boy injects butterfly

ബ്രെസിലിയ: ചത്ത പൂമ്പാറ്റയെ ശരീരത്തില്‍ കുത്തിവെച്ച 14കാരന്‍ മരിച്ചു. ബ്രസീല്‍ സ്വദേശിയായ ഡേവി ന്യൂസ് മൊറേറ ആണ് മരിച്ചത്. (BRAZILIAN BOY INJECTS BUTTERFLY REMAINS DIES) ഏഴ് ദിവസത്തോളമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുത്തിവെയ്പ്പിന് ശേഷം അസഹനീയമായ വേദനയുമായാണ് 14കാരന്‍ വിറ്റോറിയ ഡി കോണ്‍ക്വിസ്റ്റയിലെ ആശുപത്രിയില്‍ എത്തിയത്. കാര്യമെന്തെന്ന് അറിയാതെ കുഴങ്ങിയ ഡോക്ടര്‍മാരോട് ചത്ത ചിത്രശലഭത്തെ വെള്ളത്തില്‍ കലക്കി കാലില്‍ കുത്തിവച്ച കാര്യം കുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്. ഏഴ് ദിവസത്തോളം അതികഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയത്.

കുട്ടിക്ക് രക്തം കട്ട പിടിക്കുന്ന അവസ്ഥയും അലര്‍ജിയും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. കുത്തിവെച്ച ശകലങ്ങളുടെ വലുപ്പത്തെക്കുറിച്ചും മിശ്രിതത്തിന്റെ അളവിനെക്കുറിച്ചും ഡോക്ടര്‍മാര്‍ക്ക് വ്യക്തതയില്ല. കുത്തിവെപ്പിനിടയില്‍ രക്തധമനികളിലേക്ക് വായു കയറിയതാവാം മരണകാരണമെന്നു സംശയിക്കുന്നു. രക്തധമനികളിലേക്ക് വായു പ്രവേശിച്ചാല്‍ രക്തം കട്ട പിടിക്കുകയും വേഗത്തില്‍ മരണം സംഭവിക്കുകയും ചെയ്യും.

ALSO READ: മലപ്പുറത്ത് മകന്‍ ഉമ്മയെ കൊടുവാള്‍ കൊണ്ട് വെട്ടി, സിലിണ്ടര്‍ കൊണ്ട് തലക്കടിച്ചു കൊന്നു

മരണത്തിന് ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളിലെ വിഷവസ്തുക്കളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇത് സെപ്റ്റിക് ഷോക്കിന് കാരണമായേക്കാം. കളിക്കുന്നതിനിടെ തനിക്ക് പരുക്കേറ്റതായിട്ടാണ് ഡാവി ആദ്യം പിതാവിനോട് പറഞ്ഞത്.

തുടര്‍ന്ന് കുട്ടിയുടെ മുറി വൃത്തിയാക്കുന്നതിനിടെ തലയണയ്ക്കടിയില്‍ നിന്ന് പിതാവ് ഒരു സിറിഞ്ച് കണ്ടെത്തി.
ആരോഗ്യനില വഷളായപ്പോള്‍, ഒരു ചത്ത ചിത്രശലഭത്തെ വെള്ളത്തില്‍ കലര്‍ത്തി ശരീരത്തില്‍ കുത്തിവച്ചതായി കുട്ടി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

അതേസമയം, വിചിത്രമായ ഈ സംഭവം ഏതെങ്കിലും വൈറല്‍ ചലഞ്ചിന്റെ ഭാഗമാണോ എന്ന സംശയത്തിലാണ് പൊലീസ്. മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവു എന്നും പൊലീസ് പറഞ്ഞു. ഡേവി ഏതെങ്കിലും ഓണ്‍ലൈന്‍ ചലഞ്ചില്‍ നേരിട്ട് സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.