24
Mar 2025
Sun
24 Mar 2025 Sun
Shameer Kunnamangalam

കോഴിക്കോട്: രോഗ ബാധിതനായ കുട്ടിയുടെ ചികിത്സക്കായി മൂന്ന് കോടിയിലധികം രൂപ പിരിച്ചുനല്‍കിയ സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തകന് സമ്മാനമായി ഇന്നോവ ക്രിസ്റ്റ കാര്‍. (Innova car gift for charity worker Adv Shameer kunnamangalam ) ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷമീര്‍ കുന്നമംഗലത്തിനാണ് രോഗിയുടെ കുടുംബം സമ്മാനമായി കാര്‍ നല്‍കിയത്. സംഭവം വിവാദമായതോടെ കാര്‍ തിരിച്ചു നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി 27ന് കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഷാമില്‍ മോന്‍ ചികിത്സ സഹായ സമിതിയുടെ കണക്ക് അവതരണ ചടങ്ങിലാണ് കുടുംബം കാറിന്റെ താക്കോല്‍ കൈമാറിയത്. ഷമീര്‍ കുന്നമംഗലത്തിന്റെ യാത്രയയപ്പും വേദിയില്‍ വെച്ച് നടന്നു. കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.

അതേസമയം, രോഗിയുടെ കുടുംബത്തില്‍ നിന്നു കാര്‍ സമ്മാനമായി സ്വീകരിച്ച ഷമീര്‍ കുന്നമംഗലത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇന്നോവ ക്രിസ്റ്റ പോലുള്ളൊരു കാര്‍ സമ്മാനമായി നല്‍കാന്‍ കഴിവുള്ള കുടുംബത്തിന് വേണ്ടിയാണോ പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ചത് എന്നാണ് വിമര്‍ശകരുടെ ചോദ്യം.

ALSO READ: ജീവകാരുണ്യ സംഘടനയുടെ പേരില്‍ ബാബ രാംദേവും കൂട്ടരും നടത്തിയത് കോടികളുടെ വെട്ടിപ്പ്

വലിയ തുക ചികിത്സയ്ക്ക് ആവശ്യമുള്ള കുടുംബത്തില്‍ നിന്ന് കാര്‍ സമ്മാനമായി സ്വീകരിച്ചതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. സംഭവം വിവാദമായതോടെ കാര്‍ തിരിച്ചു നല്‍കി ഷമീര്‍ കുന്നമംഗലം തടിയൂരുകയായിരുന്നു. ഇന്നലെ വൈകീട്ട് തരാവീഹ് നമസ്‌കാരത്തിന് ശേഷം കൊണ്ടോട്ടി മുതുപറമ്പ് ബദര്‍ മസ്ജിദിന് മുന്‍വശത്ത് വെച്ചാണ് കാറിന്റെ താക്കോല്‍ രോഗിയുടെ കുടുംബത്തിന് തിരികെ നല്‍കിയത്.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ഷമീര്‍ കുന്നമംഗലം രംഗത്തെത്തി. ഷാമില്‍മോന് വേണ്ടി പിരിച്ചെടുത്ത തുകയില്‍ നിന്ന് ഒരു രൂപ പോലും ഈ കാറിന് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ഷമീര്‍ കുന്നമംഗലം പറഞ്ഞു.

തന്റെ പഴയ കാര്‍ ഇത്തരത്തിലുള്ള നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തി കേടായിട്ടുണ്ടെന്നും പല തവണ വഴിയില്‍ ബ്രേക്ക് ഡൗണായിട്ടുണ്ടെന്നും ഷമീര്‍ പറയുന്നു. ഇതു മനസ്സിലാക്കിയ രോഗിയുടെ കുടുംബം പിരിവിട്ടാണ് തനിക്ക് കാര്‍ സമ്മാനിച്ചതെന്നും അത് പുതിയ കാര്‍ അല്ലെന്നും ഷമീര്‍ അവകാശപ്പെട്ടു.

ഏകദേശം 12 ലക്ഷം രൂപ മാത്രം വില വരുന്ന ഉപയോഗിച്ച കാറാണ് രോഗിയുടെ കുടുംബം തനിക്ക് സമ്മാനിച്ചത്. പുറത്തുവച്ച കാറിന് മുന്നില്‍ ‘ജസ്റ്റ് ഡെലിവേര്‍ഡ്’ എന്ന ബോര്‍ഡും പൂച്ചെണ്ടും വച്ചത് കൊണ്ട് ആളുകള്‍ തെറ്റിദ്ധരിക്കാനിടയായി എന്നും അദ്ദേഹം പറഞ്ഞു.

ഈ കാറിന് പകരം 2012 മോഡല്‍ പഴയ കാറിന്റെ താക്കോല്‍ ചടങ്ങില്‍ വെച്ച് തന്നെ കൊണ്ടോട്ടി എം.എല്‍.എ. ടി.വി. ഇബ്രാഹിമിന് കൈമാറിയിട്ടുണ്ടെന്നും പരിപാടിയുടെ വീഡിയോകള്‍ സഹിതം ഷമീര്‍ കുന്നമംഗലം വ്യക്തമാക്കി. സമ്മാനമായി ലഭിച്ച കാറും വീഡിയോയില്‍ ഷമീര്‍ കുന്നമംഗലം പ്രദര്‍ശിപ്പിച്ചു.

എട്ട് വര്‍ഷം പഴക്കമുള്ള 2017 മോഡല്‍ വാഹനമാണ് ഇതെന്ന് ഷമീര്‍ പറഞ്ഞു. തന്നെ മോശക്കാരനായി ചിത്രീകരിക്കുന്നത് ഒരു പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണെന്ന് ഷമീര്‍ ആരോപിച്ചു. ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ കാര്‍ ഉള്‍പ്പെടെയുള്ള പല സമ്മാനങ്ങളും ലഭിക്കാറുണ്ടെന്നും ഷമീര്‍ മാധ്യമപ്രവര്‍ത്തകരോട് സമ്മതിച്ചു.

കാര്‍ സ്വീകരിക്കുന്നതില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ആ കാറില്‍ സമാധാനത്തോടെ സഞ്ചരിക്കാന്‍ കഴിയില്ലെന്നും താക്കോല്‍ തിരികെ നല്‍കിക്കൊണ്ട് ഷമീര്‍ കുന്ദമംഗലം പറഞ്ഞു. കാര്‍ സമ്മാനമായി സ്വീകരിച്ച തന്റെ നടപടി ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാറിന്റെ താക്കോല്‍ തന്നപ്പോള്‍ വേദിയില്‍ വെച്ചു തന്നെ താന്‍ അതിനെ എതിര്‍ക്കേണ്ടതായിരുന്നൂവെന്നും എന്നാല്‍ കുടുംബത്തിന് പ്രയാസമാകും എന്നതിനാലാണ് അത് ചെയ്യാതിരുന്നത് എന്നും ഷമീര്‍ കുന്നമംഗലം പറയുന്നു.