11
Sep 2025
Wed
11 Sep 2025 Wed
Champions Boat League will begin on September 19th at Kainakari

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ചാംപ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) അഞ്ചാം സീസണിന്റെ മൈക്രോസൈറ്റും പ്രൊമോഷണല്‍ വീഡിയോയും മന്ത്രി മുഹമ്മദ് റിയാസ് പുറത്തിറക്കി. ആലപ്പുഴ കൈനകരിയില്‍ സെപ്റ്റംബര്‍ 19 നാണ് ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആരംഭിക്കുന്നത്. മൂന്ന് മാസം നീളുന്ന 14 മത്സരങ്ങളുള്ള സി.ബി.എല്‍ ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയോടെ സമാപിക്കും. വിജയികള്‍ക്ക് 5.63 കോടി രൂപ സമ്മാനമായി ലഭിക്കും. വള്ളംകളികളുടെ ചരിത്രം, മത്സരിക്കുന്ന ക്ലബുകളുടെയും ടീമുകളുടെയും പ്രൊഫൈലുകള്‍ തുടങ്ങിയ ആകര്‍ഷകമായ ഉള്ളടക്കത്താല്‍ സമൃദ്ധമാണ് മൈക്രോസെറ്റ്. മത്സരങ്ങളുടെ തീയതികള്‍, സമയക്രമം, വേദികള്‍, പൂര്‍ത്തിയായ മത്സരഫലങ്ങള്‍, മത്സരഅറിയിപ്പുകള്‍ എന്നിങ്ങനെ നിരവധി അപ്‌ഡേറ്റുകള്‍ ഇതില്‍ ലഭിക്കും. തെക്കന്‍ കേരളത്തിലാണ് മത്സരങ്ങളില്‍ ഭൂരിഭാഗവും. മലബാറിലും മധ്യ കേരളത്തിലും മൂന്ന് മത്സരങ്ങള്‍ വീതം നടക്കും. കോട്ടയത്ത് താഴത്തങ്ങാടി, എറണാകുളത്ത് പിറവം, മറൈന്‍ ഡ്രൈവ്, തൃശ്ശൂരില്‍ കോട്ടപ്പുറം, ആലപ്പുഴയില്‍ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലത്ത് കല്ലട, കാസര്‍കോട്ട് ചെറുവത്തൂര്‍, കണ്ണൂരില്‍ ധര്‍മ്മടം, കോഴിക്കോട്ട് ബേപ്പൂര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതില്‍ കാസര്‍കോട്ട് ആദ്യമായാണ് സി.ബി.എല്‍ നടക്കുന്നത്. ഈ വര്‍ഷം നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്, നിരണം ബോട്ട് ക്ലബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്, കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്, ഇമ്മാനുവല്‍ ബോട്ട് ക്ലബ്, ടൗണ്‍ ബോട്ട് ക്ലബ്, തെക്കേക്കര ബോട്ട് ക്ലബ് എന്നിവയാണ് സി.ബി.എല്ലില്‍ മത്സരിക്കുക.

ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, രണ്ടാം സ്ഥാനത്തിന് 15 ലക്ഷം, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം എന്നിങ്ങനെയാണ് സമ്മാനം. ഓരോ മത്സരവേദികളിലും വിജയിക്കുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം, രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം, മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷവും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ യും നല്‍കും. ചെറുവള്ളങ്ങളില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം, രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 1.50 ലക്ഷവും 50,000 രൂപയും വീതം ലഭിക്കും. ബോണസായി ഓരോ ടീമിനും ഒരു ലക്ഷം വീതം നല്‍കും.

ധര്‍മടം (കണ്ണൂര്‍), താഴത്തങ്ങാടി (കോട്ടയം, സെപ്റ്റംബര്‍ 27), ചെറുവത്തൂര്‍ (കാസര്‍കോട്, ഒക്ടോബര്‍ 2 ), പിറവം(ഒക്ടോബര്‍ 4), മറൈന്‍ ഡ്രൈവ് (എറണാകുളം, ഒക്ടോബര്‍ 11), ബേപ്പൂര്‍(കോഴിക്കോട് ഒക്ടോബര്‍ 19), കോട്ടപ്പുറം (തൃശ്ശൂര്‍, ഒക്ടോബര്‍ 25), പുളിങ്കുന്ന് (നവംബര്‍ 1), കരുവാറ്റ(നവംബര്‍ 8) പാണ്ടനാട്(നവംബര്‍ 15) കായംകുളം(നവംബര്‍ 22, ആലപ്പുഴ), കല്ലട (കൊല്ലം, നവംബര്‍ 29) എന്നിങ്ങനെയാണ് തീയതികള്‍.

Minister Muhammad Riyaz launched the microsite and promotional video of the fifth season of the State Tourism Department’s Champions Boat League (CBL)