09
Oct 2025
Mon
09 Oct 2025 Mon
JAIPUR HOSPITAL FIRE

Fire breaks out at Jaipur’s SMS Hospital ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്.എം.എസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) ഞായറാഴ്ച രാത്രി വൈകി ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് രോഗികള്‍ മരിച്ചു. മറ്റ് അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ രാത്രി വൈകി ആശുപത്രി സന്ദര്‍ശിച്ചിരുന്നു.

whatsapp ജയ്പൂരിലെ ആശുപത്രിയില്‍ തീപിടിത്തം: ആറ് രോഗികള്‍ മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന. ഇത് തീവ്രപരിചരണ വിഭാഗത്തില്‍ അതിവേഗം പടരുകയും ജീവനക്കാര്‍ക്കിടയിലും രോഗികള്‍ക്കിടയിലും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും തുടരുന്നതിനിടെ അഗ്‌നിശമന സേനാംഗങ്ങളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് നിരവധി രോഗികളെ ഒഴിപ്പിച്ചു.

തീപിടിത്തം രണ്ടാം നിലയിലെ ട്രോമ ഐസിയുവില്‍ നിന്ന് തുടങ്ങി അതിവേഗം പടരുകയും വിഷവാതകങ്ങള്‍ പുറത്തുവിടുകയും ചെയ്തതായി ട്രോമ സെന്റര്‍ ഇന്‍-ചാര്‍ജ് അനുരാഗ് ധാക്കഡ് എഎന്‍ഐയോട് പറഞ്ഞു. ”ഞങ്ങളുടെ ട്രോമ സെന്ററിന് രണ്ടാം നിലയില്‍ രണ്ട് ഐസിയു ഉണ്ട്: ഒരു ട്രോമ ഐസിയുവും ഒരു സെമി-ഐസിയുവും. അവിടെ 24 രോഗികള്‍ ഉണ്ടായിരുന്നു; ട്രോമ ഐസിയുവില്‍ 11 പേരും സെമി-ഐസിയുവില്‍ 13 പേരും. ട്രോമ ഐസിയുവില്‍ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കുകയും തീ അതിവേഗം പടര്‍ന്ന് വിഷവാതകങ്ങള്‍ പുറത്തുവിടുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. പരമാവധി പേരെ ട്രോളികളിലും മറ്റുമായി ഒഴിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ബിഹാറില്‍ മുസ്ലിംകളുടെയും വനിതകളുടെയും വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റി; കൂടുതല്‍ തെളിവുകളുമായി കോണ്‍ഗ്രസ്

വീഴ്ച്ച സംഭവിച്ചുവെന്ന് ബന്ധുക്കള്‍

അതേസമയം, സുരക്ഷാ ക്രമീകരണങ്ങളിലും ആശുപത്രി ജീവനക്കാരുടെ പ്രതികരണങ്ങളിലും വീഴ്ച്ചയുണ്ടയാതായി രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. ഒരു രോഗിയുടെ ബന്ധുവായ പുരണ്‍ സിംഗ്, ANI വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത് ഇങ്ങനെയാണ്: ‘ഒരു തീപ്പൊരി ഉണ്ടായപ്പോള്‍, അതിനടുത്ത് ഒരു സിലിണ്ടര്‍ ഉണ്ടായിരുന്നു. പുക ഐസിയുവില്‍ മുഴുവന്‍ വ്യാപിച്ചു, എല്ലാവരും പരിഭ്രാന്തരായി ഓടിപ്പോകാന്‍ തുടങ്ങി. ചിലര്‍ സ്വന്തം രോഗികളെ രക്ഷപ്പെടുത്തി, പക്ഷേ എന്റെ രോഗി മുറിയില്‍ തനിച്ചായി. വാതകം കൂടുതല്‍ വ്യാപിച്ചപ്പോള്‍ അവര്‍ ഗേറ്റുകള്‍ അടച്ചു.’

‘ഐസിയുവില്‍ തീപിടിത്തമുണ്ടായി, ഞാന്‍ പോലും അറിഞ്ഞില്ല. അപ്പോള്‍ ഞാന്‍ അത്താഴം കഴിക്കാന്‍ താഴെ പോയതായിരുന്നു. തീ അണയ്ക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ പോലും അവിടെ ഉണ്ടായിരുന്നില്ല സൗകര്യങ്ങളൊന്നും ലഭ്യമല്ലായിരുന്നു. എന്റെ അമ്മയെയാണ് അവിടെ പ്രവേശിപ്പിച്ചിരുന്നത്.’ – മറ്റൊരു ബന്ധുവായ നരേന്ദ്ര സിംഗ് വിശദീകരിച്ചു.

തന്റെ 25 വയസ്സുള്ള മാതൃസഹോദരിയുടെ മകന് കൂട്ടിരിക്കാനെത്തിയ ഓം പ്രകാശ് വിവരിച്ചത് ഇങ്ങനെയാണ്: ‘രാത്രി 11:20 ഓടെ പുക വ്യാപിക്കാന്‍ തുടങ്ങി, ഇത് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഞാന്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുക വ്യാപിച്ചതോടെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഓടി രക്ഷപ്പെട്ടു. ആകെ നാലോ അഞ്ചോ രോഗികളെ മാത്രമാണ് രക്ഷിച്ചത്. മരിച്ചവരില്‍ തന്റെ ബന്ധവും ഉള്‍പ്പെടുന്നു.’