16
Oct 2025
Tue
16 Oct 2025 Tue
cargo plane crash

ദുബൈ: ദുബൈയില്‍നിന്ന് പുറപ്പെട്ട കാര്‍ഗോ വിമാനം ഹോങ്കോങ്ങില്‍ അപകടത്തില്‍പ്പെട്ടു. റണ്‍വേയില്‍നിന്ന് തെന്നിമാറിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തുര്‍ക്കിയ കമ്പനിയായ എയര്‍ എ.സി.ടിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് കാര്‍ഗോ വിമാനമാണ് തിങ്കളാഴ്ച അപകടത്തില്‍പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോങ്കോങ് വിമാനത്താവള ജീവനക്കാരാണ് മരിച്ചത്. റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം ജീവനക്കാര്‍ സഞ്ചരിച്ച സുരക്ഷ പട്രോളിങ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തെതുടര്‍ന്ന് വിമാനം റണ്‍വേക്ക് സമീപം കടലില്‍ വീണതായി ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വെളിപ്പെടുത്തി. അതേസമയം, വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണ്.

അപകടസമയത്ത് വിമാനത്തില്‍ ചരക്ക് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 3.50നാണ് ദുരന്തമുണ്ടായത്. 32 വര്‍ഷം പഴക്കമുള്ളതാണ് അപകടത്തില്‍പെട്ട വിമാനം. ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിലെ ജീവനക്കാര്‍ എമിറേറ്റ്‌സ് ജീവനക്കാരല്ല. അപകടമുണ്ടായ റണ്‍വേ താല്‍ക്കാലികമായി അടച്ചെങ്കിലും വിമാന സര്‍വിസുകളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.