കേരള എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ട പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. മകള്‍ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്ന പരാതിയുമായി അമ്മ പ്രിയദര്‍ശിനി.
19കാരിയായ ശ്രീക്കുട്ടി(സോന)യാണ് അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. മകളുടെ കൈകാലുകള്‍ തണുത്ത് ഐസ് പോലെയാണെന്നും പാതി കണ്ണടച്ചാണ് ശ്രീക്കുട്ടി കിടക്കുന്നതെന്നും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. 
  | 
വിവരമറിഞ്ഞ് ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ പ്രിയദര്‍ശിനി മകളെ ആശുപത്രിയില്‍ കയറി കണ്ടശേഷമാണ് ചികില്‍സയിലടക്കം അതൃപ്തി പ്രകടിപ്പിച്ചത്. രണ്ടുദിവസം മുമ്പാണ് സോന ബംഗളുരുവില്‍ നിന്ന് എറണാകുളത്തെ ഭര്‍തൃവീട്ടിലേക്ക് പോയതെന്നും പ്രിയദര്‍ശിനി പറഞ്ഞു.
അതേസമയം മെഡിക്കല്‍ ബോര്‍ഡ് കൂടി ചര്‍ച്ച ചെയ്ത ശേഷം പെണ്‍കുട്ടിയുടെ കാര്യത്തില്‍ വിദഗ്ധ അഭിപ്രായം പറയാനാവൂ എന്ന് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
ശ്രീകുമാര്‍ എന്നയാളാണ് പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ടത്. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും ഈ പെണ്‍കുട്ടി വാതിലിന്റെ കമ്പിയില്‍ തൂങ്ങികിടന്നതാണ് രക്ഷയായത്. 
ട്രാക്കില്‍ തലയടിച്ചുവീണ ശ്രീക്കുട്ടിയെ പിന്നാലെയെത്തിയ മെമു ട്രെയിനില്‍ കയറ്റിയാണ് വര്‍ക്കല സ്റ്റേഷനിലെത്തിച്ചത്. ഇവിടെ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
വാതിലിനു സമീപത്തു നിന്ന് മാറാത്ത ദേഷ്യത്തിലാണ് പെണ്‍കുട്ടിയെ ചവിട്ടിയിട്ടതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. 
ALSO READ: വര്‍ക്കലയില്‍ മദ്യപാനി 19കാരിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ടു; നില ഗുരുതരം
                                
                            

                                
                                
                                
                                    
                                    
                                    
                        
                        