എംബിബിഎസ് പഠനത്തിന് ഗണേഷ് ബാരയ്യ എന്ന ഗുജറാത്ത് സ്വദേശിക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചത്
മൂന്നടി മാത്രം ഉയരമുള്ളതിനാലായിരുന്നു. 20 കിലോഗ്രാമിൽ താഴെയായിരുന്നു യുവാവിന്റെ അന്നത്തെ പ്രായം. ശാരീരികമായ പരിമിതികൾ നേരിടുന്ന ഗണേഷിന് എംബിബിഎസ് പ്രവേശനത്തിന് അനുമതി നൽകാനാവില്ലെന്നായിരുന്നു മെഡിക്കൽ കൗൺസിലിന്റെ നിലപാട്.
|
എന്നാൽ ഇതിനെതിരേ ഗണേഷ് ബാരയ്യ ഹൈക്കോടതിയെയും ഇവിടെയും തിരിച്ചടി നേരിട്ടതോടെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. 2018ലായിരുന്നു സംഭവം. സ്കൂൾ പ്രിൻസിപ്പൽ ഡോ. ദൽപത് ഭായി കതാരിയയായിരുന്നു തന്റെ പ്രിയ വിദ്യാർഥിയുടെ നിയമപോരാട്ടത്തിനുള്ള ചെലവ് വഹിച്ചത്. കർഷക കുടുംബത്തിലെ അംഗമാണ് ഗണേഷ് ഭാരയ്യ.
ഹൈക്കോടതിയുടെ ഭാഗത്തുനിന്നും പ്രതികൂല ഉത്തരവ് വന്നതോടെ ഗണേഷ് ബിഎസ് സി പഠനത്തിന് ചേരുകയും ഇതിനിടെ തന്നെ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പൊക്കക്കുറവുകൊണ്ടു മാത്രം പഠനാനുമതി നിഷേധിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടതോടെ ഗണേഷ് ബാരയ്യ എംബിബിഎസ് പ്രവേശനം നേടി. പഠനവും ഇന്റേൺഷിപ്പും പൂർത്തിയാക്കിയതോടെ ഡോ. ഗണേഷ് ബാരയ്യ ഗ്രാമവാസികളെ ചികിൽസിക്കാനും തുടങ്ങി. ഗ്രാമീണ മേഖലയിലെ ദരിദ്ര ജനങ്ങളെ ചികിൽസിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഡോക്ടർ പറയുന്നു.
ഡോക്ടർ ഗണേഷ് ബാരയ്യയുടെ അടുക്കൽ എത്തുന്ന രോഗികൾ ആദ്യം അമ്പരക്കുകയോ ആശങ്കപ്പെടുകയോ ചെയ്യാറുണ്ട്. ഡോക്ടറിനും രോഗികളുടെ ഈ പെരുമാറ്റം ഇപ്പോൾ ശീലമായി. രോഗികളുടെ ആദ്യത്തെ അങ്കലാപ്പ് കഴിയുന്നതോടെ ഡോക്ടർ തന്റെ ജോലിയിൽ വ്യാപൃതനാവുകയും രോഗികൾ സന്തോഷവാരാവുകയും ചെയ്യും.
ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യവും നിയമപോരാട്ടവും കഠിനാധ്വാനവും മുതലാക്കി സ്വപ്നം സാക്ഷാൽക്കരിച്ചു ഡോക്ടറായി മാറുകയും ദരിദ്ര ജനവിഭാഗങ്ങൾക്ക് ചികിൽസ ഉറപ്പാക്കുകയും ചെയ്യുന്ന ഡോ. ഗണേഷ് ബാരയ്യ പകരുന്ന പ്രചോദനം അത്രയേറെയാണ്.





