31
Jan 2026
Sat
31 Jan 2026 Sat
Iran’s Khamenei signals tougher crack down on antigovernment protests

Iran protest ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാജ്യം ‘ഐക്യത്തോടെ’ നില്‍ക്കണമെന്ന് ഇറാന്റെ പരമാധികാരി ആയത്തുല്ല അലി ഖാംനഇ ആഹ്വാനം ചെയ്തു. ഇറാനെ പിടിച്ചുലയ്ക്കുന്ന വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഖാംനഇയുടെ പ്രസ്താവന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച ഇറാന്‍ സ്റ്റേറ്റ് ടിവിയിലൂടെ നടത്തിയ പ്രസംഗത്തില്‍, നിലവിലെ പ്രതിഷേധങ്ങള്‍ വിദേശ ശത്രുക്കളുടെ (പ്രത്യേകിച്ച് അമേരിക്കയുടെ) ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമെന്ന ഭീഷണി അദ്ദേഹം ആവര്‍ത്തിച്ചു. പ്രതിഷേധക്കാര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും, പൊതുമുതല്‍ നശിപ്പിക്കുന്ന ഇത്തരക്കാരെ ‘വിദേശികളുടെ കൂലിപ്പടയാളികളായി’ കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ കൈകളില്‍ ഇറാനികളുടെ ‘രക്തം പുരണ്ടിട്ടുണ്ടെന്നും’ ഖമേനി കുറ്റപ്പെടുത്തി.

ട്രംപിനെ ‘അഹങ്കാരി’ എന്നാണ് ഖാംനഇ വിശേഷിപ്പിച്ചത്. ട്രംപ് സ്വന്തം രാജ്യത്തെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ തലകീഴായി മാറുമെന്നും ഖാംനഇ പറഞ്ഞു.

ALSO READ: ഇറാനില്‍ വിലക്കയറ്റത്തിനെതിരെ വന്‍ പ്രതിഷേധം: ആറു മരണം, സംഘര്‍ഷം വ്യാപിക്കുന്നു

ഇറാന്‍ സംഘര്‍ഷത്തില്‍ മരണസംഖ്യ വര്‍ധിക്കുന്നു

ഡിസംബര്‍ 28-ന് പ്രതിഷേധം ആരംഭിച്ചതിനുശേഷം ഇതുവരെ 62 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജന്‍സി (HRANA) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 14 സുരക്ഷാ ഉദ്യോഗസ്ഥരും 48 പ്രതിഷേധക്കാരും ഉള്‍പ്പെടുന്നു.

പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സംയമനം പാലിക്കണമെന്നും ജനങ്ങളുടെ യഥാര്‍ത്ഥ പരാതികള്‍ കേള്‍ക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും, മറ്റ് ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ ജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബലൂച് വിഭാഗത്തിന് സ്വാധീനമുള്ള സാഹെദാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് തെഹ്റാനിലെ വ്യാപാരികള്‍ ആരംഭിച്ച പ്രതിഷേധം രാജ്യമെമ്പാടും പടരുകയായിരുന്നു. ഇത് അടിച്ചമര്‍ത്താനായി വ്യാഴാഴ്ച മുതല്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും വിച്ഛേദിച്ചു. ഇന്റര്‍നെറ്റ് സേവനം സാധാരണ നിലയുടെ 1 ശതമാനമായി കുറഞ്ഞുവെന്ന് നെറ്റ്‌ബ്ലോക്‌സ് (Netblocks) സ്ഥിരീകരിച്ചു. ഫോണ്‍ സംവിധാനങ്ങള്‍ തകരാറിലാകുകയും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യാന്തര പ്രതികരണങ്ങള്‍

പ്രതിഷേധക്കാരെ കൊന്നൊടുക്കിയാല്‍ ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, അമേരിക്കയില്‍ കഴിയുന്ന മുന്‍ ഇറാന്‍ രാജകുമാരന്‍ റെസ പഹ്ലവി, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാന്‍ സഹായിക്കണമെന്ന് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍, പഹ്ലവിക്ക് ഇറാനില്‍ എത്രത്തോളം പിന്തുണയുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ലോകം പ്രതിഷേധം കാണാതിരിക്കാനും സുരക്ഷാ സേനയ്ക്ക് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ സൗകര്യമൊരുക്കാനുമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അമേരിക്കന്‍ പിന്തുണ

ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് ഖാംനഇ വിരുദ്ധ പ്രക്ഷോഭമായി മാറി. തെഹ്റാനില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യ വ്യാപകമായി മാറി.

പ്രതിഷേധക്കാരെ അനുകൂലിച്ച് ട്രംപ് ആദ്യ ഘട്ടത്തില്‍ തന്നെ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ വെടിവെച്ചാല്‍ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തും എന്നായിരുന്നു ട്രംപിന്റെ വാക്ക്. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ പ്രക്ഷോഭത്തില്‍ സജ്ജീവമായി. അമേരിക്കയുടെ പിന്തുണ തുടക്കത്തില്‍ തന്നെ ഇറാന്‍ പ്രതിരോധിച്ചിരുന്നു. ഇറാന്റെ സുരക്ഷാ കാര്യങ്ങളില്‍ ഇടപ്പെട്ടാല്‍ നശിപ്പിക്കുമെന്നാണ് ഇറാന്‍ നേതാവ് ആയത്തുല്ല ഖാംനഇ പ്രഖ്യാപിച്ചത്.