13
Feb 2026
Thu
13 Feb 2026 Thu
WASHINGTON POST

വാഷിങ്ടണ്‍ പോസ്റ്റ് എന്ന ലോക പ്രശസ്ത മാധ്യമത്തെ പ്രതിസന്ധിയിലാക്കി ഉടമ ജെഫ് ബെസോസിന്റെ വിവാദ തീരുമാനങ്ങളും കൂട്ടപ്പിരിച്ചുവിടലും. പത്രത്തിലെ സീനിയര്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സ് കോളമിസ്റ്റും ശശി തരൂരിന്റെ മകനുമായ ഇഷാന്‍ തരൂര്‍ ഉള്‍പ്പെടെ മുന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഒരൊറ്റ ദിവസം കൊണ്ട് ജോലി നഷ്ടമായത്. 800 ജീവനക്കാരുണ്ടായിരുന്ന ന്യൂസ് റൂമിലെ പകുതിയോളം പേരെ ഒഴിവാക്കിയ ഈ നടപടി മാധ്യമലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പത്രത്തിന്റെ ഭാഗമായി 12 വര്‍ഷമായി സേവനമനുഷ്ഠിച്ചിരുന്ന ഇഷാന്‍ തരൂര്‍, തന്റെ ‘വേള്‍ഡ് വ്യൂ’ എന്ന കോളത്തിന്റെ അഞ്ച് ലക്ഷത്തോളം വരുന്ന വായനക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പടിയിറങ്ങിയത്. തന്റെ തൊഴിലിടം നഷ്ടപ്പെട്ടതിലുള്ള അതിയായ ദുഃഖം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.
ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് 2013-ല്‍ പത്രം ഏറ്റെടുക്കുമ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്ന ജീവനക്കാരും വായനക്കാരും ഇപ്പോള്‍ വലിയ ആശങ്കയിലാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്‌ക്കേണ്ടതില്ലെന്ന ബെസോസിന്റെ തീരുമാനം പത്രത്തിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഡൊണാള്‍ഡ് ട്രംപിനെ ഭയന്നാണ് ബെസോസ് ഈ തീരുമാനമെടുത്തതെന്നും തന്റെ മറ്റ് ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പത്രത്തിന്റെ വിശ്വാസ്യത പണയപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്. ഈ നടപടിയില്‍ പ്രതിഷേധിച്ച് രണ്ടര ലക്ഷത്തിലധികം വരിക്കാരാണ് തങ്ങളുടെ സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കിയത്. ഇത് സ്ഥാപനത്തിന് വലിയ സാമ്പത്തിക പ്രഹരമായി മാറി.
പത്രത്തിന്റെ അന്താരാഷ്ട്ര ഡെസ്‌ക്കിനെയാണ് പിരിച്ചുവിടല്‍ ഏറ്റവും മാരകമായി ബാധിച്ചത്. മിഡില്‍ ഈസ്റ്റ് മേഖലയിലെ എഡിറ്റര്‍മാരെയും റിപ്പോര്‍ട്ടര്‍മാരെയും പൂര്‍ണ്ണമായും ഒഴിവാക്കിയതോടെ പത്രത്തിന്റെ വിദേശ വാര്‍ത്താശേഖരണം പ്രതിസന്ധിയിലായി. കൂടാതെ സ്‌പോര്‍ട്‌സ്, മെട്രോ ഡെസ്‌ക്കുകളിലെ ജീവനക്കാരെയും വലിയ തോതില്‍ കുറച്ചിട്ടുണ്ട്. ഇത് 2026-ലെ വിന്റര്‍ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള പ്രധാന കായിക മാമാങ്കങ്ങളുടെ റിപ്പോര്‍ട്ടിംഗിനെ ബാധിക്കുമെന്ന് ഉറപ്പായി. വായനക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വരുമാനനഷ്ടവുമാണ് ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്നാണ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മാറ്റ് മുറെ നല്‍കുന്ന വിശദീകരണം. എന്നാല്‍ പത്രത്തിന്റെ സ്വതന്ത്രമായ എഡിറ്റോറിയല്‍ നയങ്ങളില്‍ ഉടമ നേരിട്ട് ഇടപെടുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ പത്രാധിപന്മാര്‍ നേരത്തെ തന്നെ രാജിവെച്ചിരുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക