15
Feb 2026
Sun
15 Feb 2026 Sun
Indian Cricketer Muhammed Siraj

Indian cricketer Muhammed Siraj ഹൈദരാബാദിലെ ഖാജ നഗറിലെ ഇടുങ്ങിയ തെരുവുകളില്‍, ആ പഴയ ഓട്ടോറിക്ഷയുടെ ശബ്ദം ഇപ്പോഴും അവന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. ഒരുകാലത്ത് കുടുംബത്തിന്റെ പട്ടിണി മാറ്റിയ ആ മുച്ചക്ര വാഹനം. ഇന്നിപ്പോള്‍ സ്വന്തം ഗാരേജില്‍ കിടക്കുന്നത് ലോകത്തെ ഏറ്റവും ആഡംബര വാഹനങ്ങളാണ്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ കുറിച്ചാണു പറയുന്നത്. ഓട്ടോറിക്ഷയില്‍നിന്ന് ലക്ഷ്വറി കാറുകളിലേക്കുള്ള ആ മാറ്റം പെട്ടെന്നൊരു ദിവസം സംഭവിച്ച അത്ഭുതമല്ല. വിയര്‍പ്പ് തുന്നിയ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും സഹനത്തിന്റെയും കഥ പറയാനുണ്ട് ആ വളര്‍ച്ചയ്ക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘അബ്ബ’ മുഹമ്മദ് ഗൗസ് രാവും പകലുമെന്നില്ലാതെ ഓട്ടോ ഓടിച്ചു കിട്ടുന്നത് 200 രൂപ. സഹോദരനും മാതാവും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ വിശപ്പടക്കാന്‍ പോലും അതു തികയുമായിരുന്നില്ല. എന്നാല്‍, പാതി പട്ടിണി കിടന്ന് അതില്‍നിന്ന് ‘അമ്മി’ ഒരു 50 രൂപ ബാക്കിവയ്ക്കും. മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരു മാതാവിന്റെ കരുതിവയ്പ്പ്. എന്നാല്‍, അതുകൊണ്ടും ഒന്നുമാകുമായിരുന്നില്ല.

ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ഫാസ്റ്റ് ബൗളറായി സിറാജ് മാറുന്നതിന് മുന്‍പ്, അദ്ദേഹത്തിന് അതിജീവനത്തിന്റെ മറ്റൊരു പോരാട്ടം നടത്താനുണ്ടായിരുന്നു. പിതാവിന്റെ ഓട്ടോ കൊണ്ടുമാത്രം കുടുംബവും തന്റെ കരിയറും ഒന്നിച്ചു മുന്നോട്ടുപോകുമായിരുന്നില്ല. അങ്ങനെയാണ് ഒരു കേറ്ററിങ് സ്ഥാപനത്തില്‍ ‘റുമാലി റൊട്ടി’ ചൂടാക്കുന്ന ജോലിക്ക് സിറാജ് കയറുന്നത്.

‘ചുട്ടുപഴുത്ത തവയില്‍ റൊട്ടി മറിച്ചിടുമ്പോള്‍ എന്റെ കൈകള്‍ പൊള്ളുമായിരുന്നു,’ സിറാജ് പിന്നീട് ഓര്‍ത്തെടുത്തിട്ടുണ്ട്. ഒരു ദിവസത്തെ അധ്വാനത്തിന് ലഭിച്ചിരുന്ന 100 രൂപയില്‍ 50 രൂപ ഉമ്മയ്ക്ക് നല്‍കി ബാക്കി കൊണ്ടാണ് അദ്ദേഹം തന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് ഇന്ധനം നിറച്ചിരുന്നത്. ആ പൊള്ളലിന്റെ കരുത്താണ് ഇന്ന് ലോകത്തെ എണ്ണം പറഞ്ഞ ബാറ്റര്‍മാരെ സിറാജിന്റെ ബൗളിങ് പൊള്ളിക്കുന്നത്.