കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയും എറണാകുളത്ത് ഐടി ജീവനക്കാരിയുമായ ശരണ്യ ജി എസി(36)നെയാണ് കാണാതായി നാലാംദിവസം കണ്ടെത്തിയത്. വനമേഖലയിലായിരുന്നു യുവതി ഉണ്ടായിരുന്നത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റും. ഇടയ്ക്കിടെ തനിച്ചു ട്രക്കിങ്ങിന് പോവുന്ന പതിവ് ശരണ്യക്കുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.
|
ഈ മാസം രണ്ടിനായിരുന്നു ശരണ്യ കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടിയില്‍ ട്രക്കിങ്ങിനെത്തിയത്. ഇതിനിടെ വഴിതെറ്റുകയും ശരണ്യ ഇവിടെ കുടുങ്ങുകയുമായിരുന്നു. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ മുറിയെടുത്ത ശേഷമായിരുന്നു ശരണ്യ ട്രക്കിങ്ങിനായി പോയത്.
ശരണ്യയെ കാണാതായ വിവരമറിഞ്ഞ് സഹോദരന്‍ ശ്യാം അടക്കമുള്ളവര്‍ കുടകിലെത്തി തിരച്ചിലില്‍ പങ്കാളികളായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും നാട്ടുകാരും ചേര്‍ന്നായിരുന്നു തിരച്ചില്‍.




