ഐസിസിയുടെ മാര്‍ച്ച് മാസത്തിലെ പ്ലയര്‍ ഓഫ് ദ മന്ത് പുരസ്കാരം ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് നിര്‍ണായക പങ്കുവഹിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന് സഞ്ജു സാംസണ് ലഭിച്ചു. ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരനേട്ടത്തിന് അര്‍ഹനാക്കിയത്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണര്‍ എന്നിവരാണ് സഞ്ജുവിനൊപ്പം മല്‍സരരംഗത്തുണ്ടായിരുന്നത്.
|
ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിസി കിര് ആണ് ഐസിസി പ്ലയര്‍ ഓഫ് ദ മന്ത് മാര്‍ച്ച് പുരസ്കാരം നേടിയ വനിതാ താരം. ഇതു മൂന്നാം തവണയാണ് മിസി കിറിന് ഈ നേട്ടം ലഭിക്കുന്നത്.
ലോകകപ്പിലെ സൂപ്പര്‍ എട്ട് സ്റ്റേജില്‍ ജയം അനിവാര്യമായിരുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരത്തില്‍ 50 പന്തില്‍ നിന്ന് 97* റണ്‍സ് നേടിയാണ് സഞ്ജു ടീമിന്റെ വിജയമുറപ്പിച്ചത്. സെമിഫൈനലിലും(42 പന്തുകളില്‍ നിന്ന് 89 റണ്‍സ്)ഫൈനലിലും(46 പന്തുകളില്‍ നിന്ന് 89 റണ്‍സ്) ഇതേ പ്രകടനം സഞ്ജു പുറത്തെടുത്തു. സൂപ്പര്‍ എട്ടിലും സെമിയിലും സഞ്ജുവായിരുന്നു കളിയിലെ താരം. ഫൈനലിലെ മികച്ച പ്രകടനം കൂടി കഴിഞ്ഞതോടെ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റായും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷമാണ് ഐസിസിയുടെ മാര്‍ച്ച മാസത്തിലെ മികച്ച പുരുഷ താരമെന്ന പുരസ്കാരം സഞ്ജുവിന് ലഭിക്കുന്നത്. ഇതാദ്യമായാണ് സഞ്ജുവിന് പ്ലയര്‍ ഓഫ് ദ മന്ത് പുരസ്കാരം ലഭിക്കുന്നത്.
ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടുന്നത് അവിശ്വസനീയമായ അനുഭവമാണെന്ന് സഞ്ജു പ്രതികരിച്ചു. തന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും മറക്കാനാവാത്ത ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ പങ്കുചേരുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും സഞ്ജു സാംസണ് വ്യക്തമാക്കി.





