21
Apr 2026
Tue
21 Apr 2026 Tue
Fathima Thahliya

വോട്ടെണ്ണല്‍ കേന്ദ്രത്തിലെ മുറി തുറന്നത് വലിയ വിവാദമാക്കാനൊരുങ്ങവേ അപ്രതീക്ഷിതമായി ഫാത്തിമ തഹ് ലിയയുടെ വെളിപ്പെടുത്തല്‍; വെട്ടിലായി യുഡിഎഫ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്റ്റോര്‍ റൂം തുറന്നത് വലിയ വിവാദമാക്കുന്നതിനിടെ സ്ഥാനാര്‍ഥി ഫാത്തിമ തഹ് ലിയ നടത്തിയ വെളിപ്പെടുത്തല്‍ യുഡിഎഫിനെ വെട്ടിലാക്കി.

അസമയത്ത് നടത്തിയ തുറന്ന് പറച്ചിലില്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ ജില്ലയിലെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. മുറി തുറക്കുന്ന കാര്യം വരാണാധികാരി നേരത്തേ അറിയിച്ചിട്ടും അക്കാര്യം തഹ്ലിയ യുഡിഎഫ്, ലീഗ് നേതൃത്വത്തെ അറിയിച്ചില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തുറന്നത്. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉണ്ടാക്കിയത്.

യുഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ അറിയാതെയാണ് മുറി തുറന്നത് എന്നായിരുന്നു നേതാക്കളുടെ ആരോപണം. എന്നാല്‍, രാവിലെ എട്ട് മണിക്കുതന്നെ സ്റ്റോര്‍ റൂം തുറക്കുന്ന കാര്യം വരണാധികാരി അറിയിച്ചിരുന്നുവെന്ന് ഫാത്തിമ തഹ്ലിയ വ്യക്കമാക്കിയതോടെ യുഡിഎഫ് നേതൃത്വം വെട്ടിലായി.

ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിനോടും ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖിനോടും ഈ വിവരം തഹ്ലിയ പങ്കുവെയ്ക്കാതിരുന്നതും കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനങ്ങളെടുക്കാവൂ എന്ന നിര്‍ദേശം ലീഗ് നേതൃത്വം തഹ്ലിയക്ക് നല്‍കിയെന്നാണ് അറിയുന്നത്.

അതേസമയം, വിഷയത്തില്‍ ഫാത്തിമ തഹ്ലിയക്കെതിരെ അതൃപ്തിയുണ്ടെന്ന കാര്യം നിഷേധിക്കാന്‍ ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖും തയ്യാറായില്ല. മുറി തുറക്കുന്ന കാര്യം പെട്ടെന്ന് കേട്ടപ്പോഴുള്ള മാനസികാവസ്ഥ കൊണ്ടായിരിക്കാം ആരേയും അറിയിക്കാതെ തഹ്ലിയ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ചെന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തഹ്ലിയക്ക് ജാഗ്രതക്കുറവുണ്ടായോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാനും റസാഖ് തയ്യാറായില്ല.

ചൊവ്വാഴ്ച വൈകീട്ട് ജില്ലാ കളക്ടറെ കാണുമെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തിനനുസരിച്ച് ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കി ലീഗ് ജില്ലാ പ്രസിഡന്റ് വിഷയത്തില്‍ നിന്ന് തലയൂരി. പേരാമ്പ്ര റിട്ടേണിങ് ഓഫീസര്‍ സി. വിനോദ് കുമാറിനെ മാറ്റിനിര്‍ത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാറും പറഞ്ഞു.

കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് ജെഡിടി ഇസ്ലാം സ്‌കൂളിലെ കേന്ദ്രത്തിലുള്ളത്. ഈ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് എന്നിവര്‍ക്ക് പരാതിനല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ജോലികളില്‍നിന്ന് റിട്ടേണിങ് ഓഫീസറെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടുണ്ട്. ഇതേത്തുടര്‍ന്ന് കളക്ടറോട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി.

ജെഡിടി സ്‌കൂളിലെ പ്രധാന കവാടത്തിന് സമീപം എല്ലാ സ്‌ട്രോങ് റൂമുകളും കാണാനായി ‘പബ്ലിക് വ്യൂയിങ് സെന്റര്‍’ സ്ഥാപിച്ചിരുന്നു. സ്‌ട്രോങ് റൂം നിരീക്ഷണത്തിനായി ഇവിടെയുണ്ടായിരുന്ന യുഡിഎഫ് പ്രവര്‍ത്തകരാണ് ഉദ്യോഗസ്ഥര്‍ മുറി തുറക്കുന്നത് ആദ്യം സ്‌ക്രീനില്‍ കണ്ടത്. അവര്‍ വിവരം യുഡിഎഫ് ജില്ലാ നേതാക്കളെ അറിയിച്ചു. കളക്ടറോട് അന്വേഷിച്ചപ്പോള്‍ പേരാമ്പ്ര മണ്ഡലത്തിന്റെ വരണാധികാരിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതോടെയാണ് മുറി തുറന്ന സംഭവം വിവാദമായത്.