Constitutionality Of NIA Act ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (NIA) നിയമം ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. 2008-ലെ എന്‍ഐഎ ആക്ട് ഏകപക്ഷീയമാണെന്നും പാര്‍ലമെന്റിന് ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് അധികാരമില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.
|
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ ഹര്‍ജിക്കാരന് വേണ്ടി ഹാജരായി. കേന്ദ്രത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ഹാജരായി.
ഹര്‍ജിയിലെ പ്രധാന വാദങ്ങള്‍
പോലീസ് അധികാരം: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB) ഒഴികെ മറ്റൊരു കേന്ദ്ര ഏജന്‍സിക്കും ‘പോലീസ്’ അധികാരം നല്‍കാന്‍ നിയമപരമായി കഴിയില്ലെന്ന് ഹരജി ഭാഗം വാദിച്ചു. എന്നാല്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് ഒരു പോലീസ് ഓഫീസറുടെ പൂര്‍ണ്ണമായ അധികാരം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
സംസ്ഥാനങ്ങളുടെ അധികാരം: ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമാണ് ‘പോലീസ്’. ക്രമസമാധാനവും അന്വേഷണവും സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്നതാണ്. എന്‍ഐഎ ആക്ടിലെ സെക്ഷന്‍ 6(5) പ്രകാരം സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ സ്വമേധയാ അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്രത്തിന് നല്‍കുന്ന അധികാരം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും ദവെ വാദിച്ചു.
ഇഡിയുമായുള്ള താരതമ്യം: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ED) പോലും പോലീസ് അധികാരം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എന്‍ഐഎയെ ഒരു പോലീസ് സേനയായി പ്രഖ്യാപിക്കാന്‍ പാര്‍ലമെന്റിന് നിയമപരമായ യോഗ്യതയില്ലെന്നും (Legislative competence) വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (PFI) ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മലയാളി അഭിഭാഷകനായ മുഹമ്മദ് മുബാറ് ആണ് ഹര്‍ജി നല്‍കിയത്. യുഎപിഎ (UAPA) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു വര്‍ഷത്തിലേറെ തടവില്‍ കഴിഞ്ഞ ശേഷമാണ് ഇദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ശ്രീനീവാസന്‍ വധത്തിലെ ഗൂഡാലോചനയില്‍ ഉള്‍പ്പെടെ പങ്കുണ്ടെന്നാരോപിച്ചാണ് മുബാറകിനെ അറസ്റ്റ് ചെയ്തിരുന്നത്.
സംസ്ഥാന പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് എന്‍ഐഎ ഇടപെടുന്നത് അന്വേഷണത്തെ അപ്രസക്തമാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന് അനിയന്ത്രിതമായ അധികാരം നല്‍കുന്ന എന്‍ഐഎ നിയമത്തിലെ 6 മുതല്‍ 10 വരെയുള്ള വകുപ്പുകള്‍ റദ്ദാക്കണമെന്നും അല്ലെങ്കില്‍ ഇതിന്റെ ദുരുപയോഗം തടയാന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
നേരത്തെ ചത്തീസ്ഗഡ് സര്‍ക്കാരും എന്‍ഐഎ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്‍ഐഎ നിയമത്തിലെ 2019-ലെ ഭേദഗതികള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളും നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്.





