സോഷ്യൽ മീഡിയയിൽ റീൽ ചിത്രീകരിക്കുന്നതിനായി യുവാവിനെക്കൊണ്ട് പെട്രോൾ കുടിപ്പിക്കാൻ ശ്രമിക്കുകയും തുടർന്ന് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു. ഒക്ടോബർ 27ന് കൊൽക്കത്തയിലെ ഗർഫ മേഖലയിലാണ് സംഭവം.
|
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഒരു സംഘം ആളുകൾ ഗർഫയിലെ ഹാൽട്ടു പ്രദേശത്തുള്ള കുളത്തിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഹെൽമറ്റ് ധരിപ്പിച്ച് കണ്ണുകൾ കെട്ടിയ സംഘം ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഇയാളെ പലതവണ മുഖത്തടിച്ചു.
പിന്നീട് ഹെൽമറ്റ് മാറ്റിയ യുവാവിനെ പെട്രോൾ കുടിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. യുവാവ് എതിർത്തതോടെ ദേഹത്ത് പെട്രോളൊഴിച്ച് തീപ്പെട്ടിക്കൊള്ളി കത്തിച്ച് എറിയുകയായിരുന്നു. ഇതോടെ വസ്ത്രങ്ങൾക്ക് തീപിടിച്ചു. തീപിടിച്ച വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് ഓടി രക്ഷപ്പെട്ട യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവം റീൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങളും സംഘം പകർത്തിയിരുന്നു. പ്രധാന പ്രതിയായ അർഘ്യ സാഹ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



