മുംബൈ/പൂണെ: ആത്മീയ പ്രഭാഷണങ്ങളിലൂടെ ജനപ്രിയനായ ഇന്ദ്രദേവ് മഹാരാജിനെതിരെ കടുത്ത ലൈംഗികാതിക്രമത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്ത് മഹാരാഷ്ട്ര പോലീസ്. പൂണെ സ്വദേശിനിയായ 42-കാരിയായ ഭക്തയുടെ ഹര്‍ജിയിലാണ് മീരാ-ഭയന്ദര്‍ കാശിമീര പോലീസ് സീറോ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഉത്തര്‍പ്രദേശിലെ മഥുര പോലീസിലേക്ക് കൈമാറിയത്.
|
വിശ്വാസത്തെ മുതലെടുത്ത് ആത്മീയകേന്ദ്രത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയും വീഡിയോ കോളുകളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആശ്രമത്തില്‍ വിളിച്ചുവരുത്തി പീഡനം; ‘മരുന്ന് വാങ്ങാന്‍ വന്നതാണെന്ന് പറയണം’
2023 ജനുവരിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഇന്ദ്രദേവ് മഹാരാജിന്റെ പ്രഭാഷണങ്ങള്‍ കണ്ടുതുടങ്ങിയ യുവതി ഇയാളുമായി ബന്ധപ്പെടുന്നത്. പിന്നീട് മുംബൈ സാന്താക്രൂസില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുത്തു. കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇന്ദ്രദേവ് യുവതിയുടെ വിശ്വാസം ആര്‍ജ്ജിക്കുകയായിരുന്നു.
തുടര്‍ന്ന് 2023 ഡിസംബറില്‍ മക്കളോടൊപ്പം യുവതി ഉത്തര്‍പ്രദേശിലെ വൃന്ദാവനിലുള്ള ഇന്ദ്രദേവിന്റെ സേവാധാം ആശ്രമം സന്ദര്‍ശിച്ചു. രാത്രി വൈകി സിസിടിവി ക്യാമറകള്‍ ഓഫാക്കിയ ശേഷം പൂട്ടിയിട്ട മുറിയിലേക്ക് തന്നോട് വരാന്‍ ആവശ്യപ്പെടുകയും ബലമായി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ആരോടെങ്കിലും പറയുകയാണെങ്കില്‍ ‘മരുന്ന് വാങ്ങാന്‍ വന്നതാണെന്ന് പറയണം’ എന്ന് നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്.
വീഡിയോ കോള്‍ പീഡനവും ഭീഷണിയും
ആശ്രമത്തില്‍ നിന്ന് മടങ്ങിയ ശേഷവും ഫോണിലൂടെയും വീഡിയോ കോളുകളിലൂടെയും ശല്യം തുടര്‍ന്നു. അശ്ലീല ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘ഞാന്‍ ദൈവമാണ്, നീ എന്നെ അനുസരിക്കണം’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഇന്ദ്രദേവ്, പുറത്തുപറഞ്ഞാല്‍ പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിക്കുന്നു.
തൃപ്തി ദേശായിയുടെ ഇടപെടല്‍; അറസ്റ്റിനായി സമ്മര്‍ദ്ദം
മാസങ്ങളായി നീതിക്കായി അധികൃതരുടെ വാതിലുകള്‍ മുട്ടിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഭൂമാതാ ബ്രിഗേഡ് അധ്യക്ഷയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകയുമായ തൃപ്തി ദേശായിയെ യുവതി സമീപിച്ചത്. തൃപ്തി ദേശായി നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് പോലീസിന്റെ സീറോ എഫ്.ഐ.ആര്‍ നടപടി.
വാര്‍ത്താസമ്മേളനത്തില്‍ മറ്റ് ചില സ്ത്രീകളും ഇന്ദ്രദേവിനെതിരെ സമാന ആരോപണങ്ങളുമായി രംഗത്തെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്ദ്രദേവ് മഹാരാജിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും, അദ്ദേഹത്തിന്റെ ആശ്രമങ്ങള്‍ സീല്‍ ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങള്‍ തെറ്റാണെന്നും തന്നില്‍ നിന്ന് പണം തട്ടാനും പേര് ദോഷം വരുത്താനുമാണ് ശ്രമമെന്നാണ് ഇന്ദ്രദേവ് മഹാരാജിന്റെ നിലപാട്. സംഭവം കുമ്പമേളയ്ക്ക് മുന്നോടിയായി രാഷ്ട്രീയ-മത വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്.
Tags: Indradev Maharaj, Vrindavan Ashram Case, Trupti Desai, Bhumata Brigade, Maharashtra Crime News, National News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



