ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെ അധ്യാപകന് ഹൃദയാഘാതം. 72കാരനായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ (EMT) ഇന്‍സ്ട്രക്ടറായ കാള്‍ ആപ്‌സിനാണ് ക്ലാസെടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായത്. അമേരിക്കിയിലെ വിസ്‌കോണ്‍സെനിലെ ആപ്പിള്‍ട്ടണിലുള്ള ഫോക്‌സ് വാലി ടെക്നിക്കല്‍ കോളജിലാണ് സംഭവം.
|
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍, പ്രഥമ ശുശ്രൂഷ, സിപിആര്‍ എന്നിവയെക്കുറിച്ച് പരിശീലനം നല്‍കുകയായിരുന്നു കാള്‍. പെട്ടെന്നാണ് അദ്ദേഹത്തിന് ശ്വാസതടസ്സവും തലചുറ്റലും അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ബോധരഹിതനായി വീണു.
ആദ്യം നെഞ്ചുവേദനയുള്ള രോഗിയെ അനുകരിക്കുകയാണെന്നാണ് വിദ്യാര്‍ഥികള്‍ കരുതിയത്. എന്നാല്‍ പിന്നീട് സ്ഥിതി ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന് അടിയന്തര ശുശ്രൂഷ നല്‍കുകയായിരുന്നു.
കാളിന്റെ കൈകള്‍ പുറത്തേയ്ക്ക് വളയുന്നതും മുഖം വലിഞ്ഞുമുറുകുന്നതും കൂര്‍ക്കം വലിക്കുന്നതുപോലുളള ശബ്ദം പുറത്തുവരുന്നതും ശ്രദ്ധിച്ച വിദ്യാര്‍ഥി ലെഹ്റര്‍ അദ്ദേഹം ഹൃദയാഘാതം അനുകരിക്കുന്നതല്ലെന്ന സംശയം പ്രകടിപ്പിച്ചു. പരിശീലനം നേടിക്കൊണ്ടിരുന്ന 26കാരനായ അഗ്‌നിരക്ഷാസേനാംഗമായിരുന്നു ലെഹ്ര്‍. ലെഹറും മറ്റും വിദ്യാര്‍ഥികളും അവിടെയുണ്ടായിരുന്നു മറ്റൊരു പരിശീലകനെ ഉടന്‍ വിവരമറിയിക്കുകയും അദ്ദേഹം വന്ന് പരിശോധിക്കുകയും ചെയ്തു.
ഇതോടെയാണ് കാള്‍ അനുകരിക്കുന്നതല്ലെന്നും അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണെന്നും വിദ്യാര്‍ഥികള്‍ക്ക് മനസിലായത്. അടിയന്തര ശുശ്രൂഷ നല്‍കിയതിനൊപ്പം തന്നെ ലെഹര്‍ അത്യാഹിത വിഭാഗത്തില്‍ വിവരമറിയിക്കുകയും ആംബുലന്‍സ് എത്തി കാളിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കാളിന് സംഭവിച്ചത് ഹൃദയാഘാതമാണെന്ന് വേഗത്തില്‍ തിരിച്ചറിഞ്ഞതും അതിവേഗം അടിയന്തര ശുശ്രൂഷ നല്‍കിയതുമാണ് ജീവന്‍ തിരിച്ചുപിടിക്കാന്‍ സഹായകമായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ബൈപ്പാസ് സര്‍ജറിക്ക് വിധേയനായ കാള്‍ ഏഴ് ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. തന്റെ ജീവന്‍ രക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് നന്ദി പറഞ്ഞ കാള്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് ജോലിയില്‍ പ്രവേശിക്കുമെന്നും അറിയിച്ചു.


