യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് ഫ്രീസറിൽ സൂക്ഷിച്ചെന്ന കേസിൽ പ്രതി ജോർജ് ഗോർഡനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ഡെലിയ മക്കിനർണി ഓസ്ട്രേലിയയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പ്രതി ബന്ധുക്കളോട് പറഞ്ഞിരുന്നതായി ഇയാളുടെ ബന്ധു കോടതിയിൽ മൊഴി നൽകി. ബ്രിട്ടനിലെ സെന്റ് ഹെലൻസിലുള്ള ഫ്ലാറ്റിലെ ഫ്രീസറിൽനിന്നാണ് 62കാരിയായ ഡെലിയയുടെ മൃതദേഹം കണ്ടെത്തിയത്.
|
65കാരനായ ജോർജ് ഗോർഡൻ 2023 ഏപ്രിലിലാണ് ഡെലിയയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. എന്നാൽ കൊലപാതകം നിഷേധിക്കുന്ന പ്രതി, ഡെലിയയെ കൊന്നതായി സമ്മതിച്ചിട്ടുണ്ടെങ്കിലും സ്വയംരക്ഷയ്ക്കായി ചെയ്തതാണെന്നാണ് വാദിക്കുന്നത്. ലിവർപൂൾ ക്രൗൺ കോടതിയിൽ വിചാരണ ആരംഭിച്ചു.
പ്രതിയുടെ ബന്ധുവായ ജോൺ ലോലറാണ് കോടതിയിൽ മൊഴി നൽകിയത്. ഗോർഡനും ഡെലിയയും ബിസിനസ് പങ്കാളികളെയും ആത്മമിത്രങ്ങളെയും പോലെയായിരുന്നുവെന്നും ഇരുവരും പതിവായി ആർട്ട് ഗാലറികൾ സന്ദർശിക്കുകയും ഒരുമിച്ച് യാത്രകൾ നടത്തുകയും ചെയ്തിരുന്നുവെന്നും ഇയാൾ പറഞ്ഞു.
ഡെലിയ ഓസ്ട്രേലിയയിൽ താമസിക്കുകയാണെന്നും പൊതുജനശ്രദ്ധയിൽനിന്ന് മാറി കഴിയുകയാണെന്നുമാണ് ഗോർഡൻ തന്നോട് പറഞ്ഞിരുന്നത്. സൈപ്രസ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും ഡെലിയയുണ്ടെന്ന് പലപ്പോഴായി പറഞ്ഞിരുന്നു. 2025 അവസാനത്തോടെ ഡെലിയ കോൺവാളിലാണെന്നും ഗോർഡൻ അറിയിച്ചതായി ലോലർ പറഞ്ഞു. ഇതെല്ലാം പ്രതിയുടെ സങ്കൽപ്പങ്ങളായിരുന്നുവെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
ഇരുവരും തമ്മിൽ ശാരീരികമായ അക്രമങ്ങൾ കണ്ടിട്ടില്ലെന്നും വാക്കുതർക്കങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ലോലർ പറഞ്ഞു. അതേസമയം, ഈ വർഷം ജനുവരിയിൽ ഗോർഡന്റെ ഫ്ലാറ്റിലെ ഫ്രീസറിൽനിന്ന് ഡെലിയയുടെ വെട്ടിമുറിച്ച മൃതദേഹത്തോടൊപ്പം അഞ്ച് ചത്ത ഗിനിപ്പന്നികളെയും കണ്ടെത്തിയിരുന്നു. മൃഗങ്ങളോട് ക്രൂരത കാട്ടിയെന്ന ആരോപണവും ഗോർഡൻ നിഷേധിച്ചിട്ടുണ്ട്. ആറാഴ്ച നീളുമെന്ന് പ്രതീക്ഷിക്കുന്ന വിചാരണ തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




