97-ാം പിറന്നാൾ ആഘോഷത്തിനിടെ നൃത്തം ചെയ്യുകയും സുഹൃത്തുക്കൾക്കൊപ്പം സന്തോഷം പങ്കിടുകയും ചെയ്ത വയോധികൻ പാർട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കാലിഫോർണിയ സ്വദേശിയായ വിറ്റോയാണ് സ്വന്തം പിറന്നാൾ ആഘോഷത്തിനിടെ മരിച്ചത്. ബീ ഗീസ് ബാൻഡിന്റെ വിഖ്യാത ഗാനമായ ‘സ്റ്റേയിൻ അലീവ്’ പശ്ചാത്തലത്തിൽ മുഴങ്ങുമ്പോൾ നൃത്തം ചെയ്ത വിറ്റോയുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
|
ഹാലോവീൻ പ്രമേയത്തിലായിരുന്നു വിറ്റോയുടെ 97-ാം പിറന്നാൾ ആഘോഷം. ലോസ് ആഞ്ചലസിലെ ബേക്കറായ 24കാരി ഈഡൻ മലിനോഫാണ് ആഘോഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. വിറ്റോയുടെ അയൽവാസിയായ ഇവർ അദ്ദേഹത്തിനായി റെഡ് വൈൻ ചോക്ലേറ്റ് കേക്കും തയ്യാറാക്കിയിരുന്നു.
കറുത്ത ഷർട്ടും പാന്റ്സും ധരിച്ച വിറ്റോ പാട്ടിനൊപ്പം കൈയടിച്ചും ചുവടുവച്ചും ആഘോഷത്തിൽ സജീവമായി പങ്കെടുത്തു. ദീർഘായുസിന്റെ രഹസ്യം ചോദിച്ചപ്പോൾ വിലകുറഞ്ഞ മദ്യം കുടിക്കാതിരിക്കുക എന്നായിരുന്നു വിറ്റോയുടെ രസകരമായ മറുപടിയെന്നും ഈഡൻ പറഞ്ഞു.
എന്നാൽ അതിഥികൾ പിറന്നാൾ ആശംസാഗാനം ആലപിച്ചതിന് തൊട്ടുപിന്നാലെ വിറ്റോ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു. മദ്യലഹരിയിലായിരുന്നില്ല അദ്ദേഹമെന്നും അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തമാണിതെന്നും ഈഡൻ വ്യക്തമാക്കി.
താൻ സ്നേഹിക്കുന്നവർക്കൊപ്പം ജീവിതത്തിലെ അവസാന നിമിഷങ്ങൾ ആഘോഷത്തോടെ ചെലവഴിക്കാൻ വിറ്റോയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ ജീവിതാഘോഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഈഡൻ കുറിച്ചു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷത്തോടെ ജീവിതത്തോട് വിടപറയാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും തങ്ങൾക്കും ഇത്തരമൊരു യാത്രയയപ്പാണ് ആഗ്രഹമെന്നും പലരും കുറിച്ചു.
ALSO READ: രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





