കേരള മുഖ്യമന്ത്രി ആരാകുമെന്ന പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കേ കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി വീട്ടിലേക്ക് വിളിപ്പിച്ചു. അല്‍പ്പ സമയം മുമ്പ് കെസി രാഹുലിന്റെ വീട്ടിലെത്തി. ഇരുവരും തമ്മില്‍ രഹസ്യ ചര്‍ച്ച നടക്കുകയാണ്.
|
ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്തിറങ്ങിയ കെ.സി. വേണുഗോപാല്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചില്ല. കാറിനുള്ളില്‍ ചിരിച്ചു കൊണ്ടാണ് കെ.സി. വേണുഗോപാല്‍ ഇരുന്നത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രാവിലെ 10.30ന്റെ വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ നേതാക്കളെ വിളിച്ച് രാഹുല്‍ ഗാന്ധി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഘടക കക്ഷികളോടും അദ്ദേഹം പേര് പറഞ്ഞിട്ടില്ല. നിയമസഭാ കക്ഷി യോഗത്തിന് മുന്‍പ് ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതാണ് പതിവ് രീതി. എന്നാല്‍ ഇക്കാര്യത്തിലും അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ആരെന്ന് പറയുമോ അതോ പാക്കേജ് പറയുമോ എന്ന കാര്യത്തിലും ആകാംക്ഷ തുടരുകയാണ്.
കര്‍ണാടകയിലെ മുഖ്യമന്ത്രി തീരുമാനത്തിലടക്കം ഏറെ നിര്‍ണായകമായ കെസിയുടെ ഡല്‍ഹിയിലെ 51 ലോധി എസ്റ്റേറ്റ് എന്ന വീട് കുറച്ച് ദിവസങ്ങളായി ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. വി.ഡി. സതീശന്‍ രാവിലെ 7.15 ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. മകള്‍ ഉണ്ണിമായയും സഹോദരന്റെ മകളും അദ്ദേഹത്തിനൊപ്പം കാറിലുണ്ട്. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ തുടരുകയാണ് രമേശ് ചെന്നിത്തല. അവസാന നിമിഷവും സമവായ സ്ഥാനാര്‍ഥിയായി ചെന്നിത്തലയുടെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമെന്ന്ണ് അദ്ദേഹത്തിന്റെ ക്യാംപിന്റെ വിശ്വാസം.
അതിനിടെ ലീഗ് എംഎല്‍എമാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എത്തുന്നതില്‍ അസൗകര്യം അറിയിച്ചു. ലീഗിന്റെ എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഇമെയില്‍ വഴി നല്‍കിയേക്കുമെന്നാണ് സൂചന. രാവിലെ ലീഗ് യോഗം ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. ഗവര്‍ണര്‍ക്കുള്ള കത്ത് എല്ലാവരില്‍ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.
മുഖ്യമന്ത്രി പ്രഖ്യാപനം നടക്കുന്നത് വരെ തീരുമാനം രഹസ്യാത്മകമായി സൂക്ഷിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നിയമസഭാ കക്ഷി യോഗം അലങ്കോലമാകരുതെന്ന ജാഗ്രതയാണ് ഇതിനു പിന്നില്‍. പ്രവര്‍ത്തകരുടെ പ്രതിഷേധവും നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച പാര്‍ട്ടി തീരുമാനം മുദ്രവച്ച കവറില്‍ ദീപ ദാസ്മുന്‍ഷിക്ക് കൈമാറാനാണ് സാധ്യത.



