‘ധീരനായ ഒരു വ്യക്തി ഒറ്റയ്ക്കാണെങ്കില്‍ പോലും അയാള്‍ തന്നെയാണ് ഭൂരിപക്ഷം,’ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡൊഡ്ഡാലഹള്ളി കെമ്പേഗൗഡ ശിവകുമാറിന് (ഡി. കെ. ശിവകുമാര്‍) സ്വന്തമായൊരു രാഷ്ട്രീയ തത്ത്വശാസ്ത്രമുണ്ട്.
|
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വന്‍ വിജയത്തിലേക്ക് നയിച്ച ‘ഒറ്റയാന്‍’ താനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി കസേരയ്ക്കായി ശിവകുമാര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സോണിയാ ഗാന്ധിക്ക് നല്‍കിയ വാക്ക് താന്‍ പാലിച്ചുവെന്ന് വികാരാധീനനായിട്ടായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍, പിന്നീട് ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് അദ്ദേഹം തൃപ്തിപ്പെടുകയായിരുന്നു.
ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, കനകപുരയില്‍ നിന്നുള്ള എട്ടുതവണ നിയമസഭാംഗമായ ഈ 64-കാരന്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഏറാന്‍ ഒരുങ്ങുകയാണ്.
രാഷ്ട്രീയ വെല്ലുവിളികളില്‍ ഒരിക്കലും പതറാത്ത നിലപാടുകള്‍ കാരണം ‘ബണ്ഡെ’ (പാറ) എന്ന വിളിപ്പേര് നേടിയ ശിവകുമാറിന് ഇത് നിശബ്ദത പുതച്ച, അക്ഷമയോടെയുള്ള കാത്തിരിപ്പായിരുന്നു.
ആര്‍എസ്എസ് ശാഖയില്‍ തുടങ്ങിയ പൊതുജീവീതം
രാജാജിനഗറിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍.എസ്.എസ്) വിട്ടല്‍ ശാഖയില്‍ പങ്കെടുത്തുകൊണ്ടാണ് ശിവകുമാര്‍ തന്റെ ആദ്യകാല ജീവിതം ചെലവഴിച്ചത്. 1985-ല്‍ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പ്, കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ അദ്ദേഹത്തിന് വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചിരുന്നു. ആ സമയത്ത് ബി.ജെ.പി നേതാവായിരുന്ന അനന്ത് കുമാര്‍ ശിവകുമാറിനെ എ.ബി.വി.പിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.
1979-ല്‍ ദേവരാജ് അരസും അനുയായികളും പാര്‍ട്ടി വിട്ടതിനെത്തുടര്‍ന്നാണ് 1980-കളില്‍ ഒരു വിദ്യാര്‍ത്ഥി നേതാവെന്ന നിലയില്‍ ശിവകുമാറിന് കോണ്‍ഗ്രസില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞത്. 1985-ലെ അദ്ദേഹത്തിന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് സാതന്നൂരില്‍ എച്ച്. ഡി. ദേവഗൗഡയ്ക്കെതിരെയായിരുന്നു, എന്നാല്‍ അതില്‍ അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് 1989-ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് വിജയിക്കുന്നത്.

1999-ല്‍ സാതന്നൂരില്‍ വെച്ച് ദേവഗൗഡയുടെ മകന്‍ എച്ച്. ഡി. കുമാരസ്വാമിയെ ശിവകുമാര്‍ പരാജയപ്പെടുത്തി.
വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി മാറിയ അദ്ദേഹം, കോണ്‍ഗ്രസിന്റെ പ്രധാന രാഷ്ട്രീയ ഉപദേശകനായി സ്വയം അടയാളപ്പെടുത്തി.
കള്ളപ്പണക്കേസില്‍ ജയിലില്‍
2019-ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന് 50 ദിവസത്തോളം തിഹാര്‍ ജയിലില്‍ കഴിയേണ്ടി വന്നു. അന്ന് സോണിയാ ഗാന്ധി ജയിലില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പാര്‍ട്ടി ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ആ സംഭവം ശിവകുമാര്‍ ഇന്നും കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
2020 മാര്‍ച്ചില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായ ശിവകുമാര്‍, വളരെ ശക്തമായ രീതിയിലാണ് പാര്‍ട്ടിയെ മുന്നോട്ട് നയിച്ചത്.
കോണ്‍ഗ്രസിന്റെ ട്രബിള്‍ഷൂട്ടര്‍
പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് രക്ഷകനായി (Troubleshooter) മാറിയാണ് ശിവകുമാര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. 2002-ല്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, തന്റെ എം.എല്‍.എമാരെ കൂറുമാറ്റത്തില്‍ നിന്ന് സംരക്ഷിക്കാന്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയുടെ സഹായം തേടി. അന്ന് എം.എല്‍.എമാരെ ബിദാദിയിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് സംരക്ഷിച്ചത് ശിവകുമാറായിരുന്നു. സമാനമായ രീതിയില്‍ 2017-ല്‍ ഗുജറാത്തില്‍ നിന്നുള്ള 44 കോണ്‍ഗ്രസ് എം.എല്‍.എമാരെയും, 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ എം.എ.ല്‍.എമാരെയും അദ്ദേഹം സുരക്ഷിതമായി സംരക്ഷിച്ചു നിര്‍ത്തി.

വൊക്കലിഗ സമുദായത്തിന് വളരെയധികം സ്വാധീനമുള്ള പഴയ മൈസൂരു മേഖലയില്‍ കോണ്‍ഗ്രസിന് വന്‍ വിജയം നേടിക്കൊടുത്തതിലൂടെ, ഇതുവരെ അവിടുത്തെ തര്‍ക്കമില്ലാത്ത വൊക്കലിഗ നേതാക്കളായിരുന്ന ദേവഗൗഡ കുടുംബത്തിന് ബദലായി സ്വയം വളരാന്‍ ശിവകുമാറിന് സാധിച്ചു.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ ശിവകുമാര്‍, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍, ഡി.കെ.എസ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാനാണ്.
തീവ്രമായ ഈശ്വരവിശ്വാസിയും ആത്മീയവാദിയുമായ ശിവകുമാര്‍ തന്റെ ശക്തിയുടെ സ്രോതസ്സായി എപ്പോഴും കാണുന്നത് ‘അജ്ജയ്യ’യെയാണ്.


