08
Jul 2026
Wed
08 Jul 2026 Wed
Egypt's Mohamed Salah in conversation with referee Francois Letexier

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് (3-2) നാടകീയ വിജയം നേടിയെങ്കിലും മത്സരം കടുത്ത വിവാദ നിഴലിൽ. രണ്ടാം പകുതിയിൽ ഈജിപ്ത് നേടിയ ഒരു ഗോൾ വി.എ.ആർ (VAR) റദ്ദാക്കിയതും റഫറിയുടെ പല തീരുമാനങ്ങളുമാണ് കടുത്ത ഒത്തുകളി ആരോപണങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മത്സരത്തിന് പിന്നാലെ ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സനും ഫോർവേഡ് മോസ്തഫ സിക്കോയും റഫറിയിങ്ങിനെതിരെ പരസ്യമായി രംഗത്തെത്തി. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മാച്ച് റഫറി ഫ്രാൻസ്വാ ലെറ്റെക്സിയർക്കെതിരെ (Francois Letexier) വലിയ തോതിലുള്ള പ്രതിഷേധമാണ് ആരാധകർ ഉയർത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനൻ റൈറ്റ് ബാക്ക് നഹുവൽ മൊളീന ഈജിപ്ഷ്യൻ വിങ്ങർ ഇമാം ആശൂറിനെ ഫൗൾ ചെയ്തെങ്കിലും റഫറി പെനാൽറ്റിയോ ഫൗളോ വിധിച്ചില്ല. അതുപോലെ രണ്ടാം പകുതിയിൽ സൂപ്പർ താരം മുഹമ്മദ് സലായെ അർജന്റീനൻ പ്രതിരോധ താരം നിക്കോളാസ് ടാഗ്ലിയാഫിക്കോ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് വീഴ്ത്തിയതിനും ഈജിപ്തിന് അനുകൂലമായി റഫറി വിസിൽ മുഴക്കിയില്ല. റീപ്ലേകളിൽ ടാഗ്ലിയാഫിക്കോ സലായുടെ കാലിൽ തട്ടുന്നത് വ്യക്തമായിരുന്നു. അർജന്റീനൻ കളിക്കാരെ സഹായിക്കുന്ന രീതിയിലായിരുന്നു റഫറിയുടെയും വി.എ.ആറിന്റെയും ഇടപെടലുകളെന്നും ഈജിപ്തിനെ പകൽക്കൊള്ള നടത്തുകയായിരുന്നു എന്നുമാണ് ഫുട്ബോൾ പ്രേമികൾ ആരോപിക്കുന്നത്.

അവസാന 11 മിനിറ്റിൽ അർജന്റീനയുടെ വൻ തിരിച്ചുവരവ്

അറ്റ്‌ലാന്റയിലെ മെർസിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരവസരത്തിൽ അർജന്റീന കടുത്ത അട്ടിമറി ഭീഷണിയിലായിരുന്നു. യാസർ ഇബ്രാഹിം, മോസ്തഫ സിക്കോ എന്നിവർ നേടിയ ഗോളുകളുടെ കരുത്തിൽ മത്സരത്തിന്റെ 79-ാം മിനിറ്റ് വരെ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. തോൽവിയുടെ വക്കിൽ നിന്നാണ് ലിയോണൽ മെസ്സിയുടെ നേതൃത്വത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അവിശ്വസനീയമായി മത്സരത്തിലേക്ക് തിരിച്ചുവന്നത്.

79-ാം മിനിറ്റിൽ മെസ്സിയുടെ അളന്നുമുറിച്ച ക്രോസിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോ ഹെഡ്ഡറിലൂടെ അർജന്റീനയുടെ ആദ്യ ഗോൾ നേടി (2-1). തൊട്ടുപിന്നാലെ 83-ാം മിനിറ്റിൽ ഒരു തകർപ്പൻ വോളിയിലൂടെ മെസ്സി അർജന്റീനയ്ക്ക് സമനില സമ്മാനിച്ചു (2-2). ടൂർണമെന്റിൽ മെസ്സിയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ഒടുവിൽ കളി അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ (90+2′) എൻസോ ഫെർണാണ്ടസ് നേടിയ ഹെഡ്ഡർ ഗോളിലൂടെ അർജന്റീന വിജയം ഉറപ്പിക്കുകയും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ഒത്തുകളി ആരോപണവുമായി ഈജിപ്ത് പരിശീലകൻ

Egypt Coach Makes Serious Allegations
തങ്ങളെ ബോധപൂർവ്വം കബളിപ്പിക്കുകയായിരുന്നുവെന്നും ടൂർണമെന്റിൽ അർജന്റീനയെയും ലിയോണൽ മെസ്സിയെയും നിലനിർത്താൻ ററഫറിമാരും ഫിഫയും ഒത്തുകളിച്ചതായും മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഈജിപ്ത് പരിശീലകൻ  ഹൊസാം ഹസ്സൻ തുറന്നടിച്ചു.

വാർത്താ സമ്മേളനത്തിൽ ഹൊസാം ഹസ്സൻ പറഞ്ഞത്:

“ഇതിനെ ഭാഗ്യമില്ലായ്മ എന്ന് പറഞ്ഞ് ലഘൂകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് ഞങ്ങൾ കടുത്ത അനീതിക്ക് ഇരയായിരിക്കുകയാണ്, ഞങ്ങളെ ക്രൂരമായി ചതിച്ചതാണ്. ഫുട്ബോളിൽ ചിലപ്പോഴൊക്കെ സാങ്കേതിക വശങ്ങൾക്കും അപ്പുറമുള്ള ചില ബാഹ്യശക്തികൾ ഇടപെടാറുണ്ട്. ലോക ചാമ്പ്യന്മാർക്ക് എല്ലാ തലങ്ങളിൽ നിന്നും പിന്തുണ ലഭിച്ചു. ഒരുപക്ഷേ അവർക്ക് ലോക ചാമ്പ്യന്മാരെ ടൂർണമെന്റിൽ നിലനിർത്തണമായിരിക്കാം, അല്ലെങ്കിൽ മെസ്സി തുടർന്നും കളിക്കണമെന്ന് അവർ ആഗ്രഹിച്ചിട്ടുണ്ടാകാം.”

വിവാദ തീരുമാനങ്ങളും വി.എ.ആറിന്റെ അവഗണനയും

മത്സരത്തിൽ ഈജിപ്ത് 1-0 ന് മുന്നിട്ടുനിൽക്കുമ്പോൾ മോസ്തഫ സിക്കോ നേടിയ ഒരു ഗോൾ വി.എ.ആർ (VAR) ഇടപെട്ട് റദ്ദാക്കിയിരുന്നു. ഗോൾ നീക്കത്തിന്റെ തുടക്കത്തിൽ ലിസാൻഡ്രോ മാർട്ടിനെസിനെ ഫൗൾ ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. എന്നാൽ പിന്നീട് സിക്കോ തന്നെ ഈജിപ്തിന്റെ ലീഡ് 2-0 ആക്കി ഉയർത്തി ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി.

കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് തൊട്ടുമുൻപ്, അർജന്റീനൻ താരം അലക്സിസ് മാക് അലിസ്റ്റർ ഈജിപ്ഷ്യൻ താരം ഹംദി ഫത്തിയെ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ജേഴ്സിയിൽ പിടിച്ച് വലിച്ചിരുന്നുവെന്ന് ഈജിപ്ത് ആരോപിക്കുന്നു.

“ഇവിടെ ബഹുമാനമോ ഫെയർ പ്ലേയോ (Fair play) ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് അനുകൂലമായ ഒരു പെനാൽറ്റി റഫറി നിഷേധിച്ചു, അത് പരിശോധിക്കാൻ വി.എ.ആർ പോലും തയാറായില്ല. ഞങ്ങളുടെ കളിക്കാരന്റെ ജേഴ്സി പിടിച്ച് വലിക്കുന്നത് സ്ക്രീനിൽ വ്യക്തമായി കണ്ടിട്ടും വി.എ.ആർ പരിശോധന നടന്നില്ല. ഈ ലോകകപ്പിൽ നടന്ന അനീതിക്കെതിരെയുള്ള എന്റെ പ്രതിഷേധ സൂചകമായി ഇനി മുതൽ ഈ ടൂർണമെന്റിലെ ഒരു മത്സരം പോലും ഞാൻ കാണില്ല.” – ഹസ്സൻ വ്യക്തമാക്കി.

ഉച്ചയ്ക്കുള്ള കളിക്കെതിരെയും വിമർശനം

മത്സരം ഉച്ചയ്ക്ക് 12 മണിക്ക് (1600 GMT) ഷെഡ്യൂൾ ചെയ്തതിനെതിരെയും ഈജിപ്ഷ്യൻ കോച്ച് കടുത്ത വിമർശനം ഉന്നയിച്ചു. റൗണ്ട് ഓഫ് 32 മത്സരങ്ങൾ കഴിഞ്ഞ് വെറും നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഈ മത്സരം.

“ഈ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നവർ ജീവിതത്തിൽ ഒരിക്കലും ഫുട്ബോൾ കളിച്ചിട്ടുണ്ടാകില്ല. ഉച്ചയ്ക്ക് 12 മണിക്ക് ആരെങ്കിലും ഫുട്ബോൾ കളിക്കുമോ? ആ സമയത്ത് ആളുകൾ നടക്കാൻ പോകുകയോ ബ്രഞ്ച് കഴിക്കുകയോ ആണ് ചെയ്യുക. കളിക്കാർ എപ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്? രാവിലെ 7:30-യ്ക്കോ? മൈതാനത്തിനകത്തും പുറത്തും ഒരുപാട് കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.” – ഹൊസാം ഹസ്സൻ പറഞ്ഞു നിർത്തി.

Egypt ‘Robbed’ In Argentina’s Dramatic 3-2 Comeback Win?