തനിക്കുവേണ്ടി കുത്തൊഴുക്കിലേക്ക് എടുത്തുചാടിയ രാജേഷിനെ ഓര്‍ത്ത് കണ്ണീര്‍വാര്‍ക്കുകയാണ് ബെന്നി. കണ്ണൂരിലെ ചെറുപുഴയ്ക്കടുത്തുള്ള മീന്തുള്ളി തുരുത്തില്‍ പെട്ടെന്നെത്തിയ മലവെള്ളപ്പാച്ചിലില്‍ പെട്ടുപോയതായിരുന്നു ബെന്നി. ഫോണും മറ്റും ഒഴുകിപ്പോയി, രക്ഷപ്പെടാന്‍ മറ്റൊരു വഴിയുമില്ലാതെ കഴുത്തറ്റം വെള്ളത്തില്‍ ഒരു തെങ്ങില്‍ വട്ടംപിടിച്ചു നില്‍ക്കുമ്പോഴാണ് ജീവന്‍രക്ഷാ പ്രവര്‍ത്തകനായ രാജേഷും സുഹൃത്തുക്കളും അവിടെയെത്തുന്നത്.
|
കുത്തിയൊഴുകുന്ന പുഴയിലൂടെ നീന്തി ബെന്നിയുടെ അടുത്തെത്തിയ രാജേഷ്, താന്‍ ഇട്ടിരുന്ന ജീവന്‍രക്ഷാ ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു കയറില്‍ പിടിച്ച് ഇക്കരയ്ക്ക് നീന്താന്‍ തുടങ്ങി. ബെന്നി സുരക്ഷിതനായി കരയ്ക്ക് കയറി. എന്നാല്‍ പിന്നിലുണ്ടായിരുന്ന രാജേഷിന് അപ്രതീക്ഷിതമായി കയറിലെ പിടിവിട്ടുപോയി. ബെന്നി തിരിഞ്ഞു നോക്കുമ്പോഴേക്കും ആ കുത്തൊഴുക്കില്‍ രാജേഷ് അപ്രത്യക്ഷനായിരുന്നു.
തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരനായ രാജേഷ് മറ്റുള്ളവരെ സഹായിക്കാനായി എന്ത് സാഹസികതയ്ക്കും തയ്യാറുള്ള പ്രകൃതക്കാരനാണ്. പ്രളയം വന്നപ്പോഴും, വയനാട് ഉരുള്‍പൊട്ടലുണ്ടായപ്പോഴും രക്ഷാപ്രവര്‍ത്തനത്തിനായി ഈ ചെറുപ്പക്കാരന്‍ മുന്‍നിരയിലുണ്ടായിരുന്നു.
മികച്ച നീന്തല്‍ക്കാരനും ദേശീയ കായിക താരവും കൂടിയാണ് അദ്ദേഹം. അവന്‍ തിരിച്ചുവരും എന്ന വലിയ പ്രതീക്ഷയിലായിരുന്നു ഒരു നാട് മുഴുവന്‍ ഏത് പ്രതിസന്ധിയെയും അവന്‍ അതിജീവിക്കുമെന്ന് വിശ്വസിച്ചിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് രാജേഷിന്റെ അനുജന്‍ ഒരു അപകടത്തില്‍ മരിച്ചത്. ആ വലിയ സങ്കടത്തില്‍ നിന്നും ആ കുടുംബം കരകയറുന്നതിന് മുന്‍പാണ് ഈ വേദന വീണ്ടും അവരെ തേടിയെത്തിയത്.
അച്ഛനും അമ്മയും, ഭാര്യ ഷാഫിയയും, കുഞ്ഞുമക്കളായ ആര്‍ഷനും അഭിഷേകും തങ്ങളുടെ പ്രിയപ്പെട്ടവന്റെ തിരിച്ചുവരവിനായി നെഞ്ചുരുകിയുള്ള പ്രാര്‍ത്ഥനയും വിഫലമായി. സ്വന്തം ജീവന്‍ പണയംവെച്ച് മറ്റൊരാള്‍ക്ക് ജീവനായവന്‍ എങ്ങനെയെങ്കിലും ആ പുഴ നീന്തിക്കയറി വരും എന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുകയായിരുന്നു ഇതുവരെ.
Tags:
Kerala Floods, Kerala Rain, Flood Rescue, Kerala Flood Rescue, Flood Survivor, Emotional Story, Humanity, Rescue Operation, Kerala Weather, Heavy Rain, Flash Flood, Kerala News, Breaking News, Rescue Team, Rain Disaster, Heroic Rescue, Viral Video, Emotional Video, Human Interest Story, Monsoon, Disaster Relief, Kerala Monsoon,
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




