25
Aug 2026
Tue
25 Aug 2026 Tue

മുംബൈയിലേക്ക് കടത്തുകയായിരുന്ന 30 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി മുൻ എയർഹോസ്റ്റസും കൂട്ടാളിയും അറസ്റ്റിൽ. ഗുജറാത്തിലെ വഡോദരയിൽ നിന്ന് മുംബൈയിലേക്ക് മയക്കുമരുന്ന്കടത്തുന്നതിനിടെയാണ് ഇരുവരെയും സൂറത്ത് ക്രൈംബ്രാഞ്ച് പിടികൂടിയത്.
മുൻ എയർഹോസ്റ്റസ് മുംബൈ സാന്താക്രൂസ് സ്വദേശിനി മൻസി സയീദ് (41), കൂട്ടാളി സുഹൈൽ സുലൈമാൻ ഷെയ്ഖ് (20) എന്നിവരാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് 977 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. ലഹരിമരുന്ന് പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവറുകളും കണ്ടെയ്‌നറുകളും നിരവധി മൊബൈൽ ഫോണുകളും വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു.

മുംബൈയിൽ നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് ഇരുവരും വഡോദരയിലെത്തിയത്. വഡോദര റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതയായ ഒരു സ്ത്രീയിൽ നിന്നാണ് ലഹരിമരുന്ന് കൈപ്പറ്റിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.മുംബൈയിലെത്തിച്ച ശേഷം അഞ്ച് മുതൽ പത്ത് ഗ്രാം വരെ ചെറിയ പാക്കറ്റുകളാക്കി ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു ലക്ഷ്യമെന്നും അന്വേഷണത്തിൽ വ്യക്തമായി.

മലേഷ്യൻ എയർലൈൻസിൽ എയർഹോസ്റ്റസായി ജോലി ചെയ്തിരുന്ന മൻസി നിരവധി രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2015 മുതൽ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
2021ൽ മധ്യപ്രദേശിലെ ഇൻഡോറിൽ ഏകദേശം 100 ഗ്രാം ലഹരിമരുന്നുമായി മൻസി പിടിയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഈ കേസിൽ നാല് വർഷത്തോളം ജയിൽവാസം അനുഭവിച്ച ശേഷമാണ് വീണ്ടും ലഹരിക്കടത്ത് കേസിൽ അറസ്റ്റിലാകുന്നത്.

മൻസിയുടെ പഴയതും പുതിയതുമായ ലഹരിമരുന്ന് ശൃംഖലകളിലെ ബന്ധങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഇരുവർക്കും ലഹരിമരുന്ന് കൈമാറിയതായി സംശയിക്കുന്ന അജ്ഞാതയായ സ്ത്രീക്കായും അന്വേഷണം ആരംഭിച്ചു.

ALSO READ: യൂനിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ വിദ്യാർഥിനിക്ക് അവകാശമില്ലെന്ന് അലഹാബാദ് ഹൈക്കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക