25
Aug 2026
Tue
25 Aug 2026 Tue

സ്കൂൾ നിശ്ചയിച്ച യൂണിഫോമിനൊപ്പം വ്യക്തിപരമായ ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാൻ വിദ്യാർഥിക്ക് അവകാശമില്ലെന്ന് അലഹാബാദ് ഹൈക്കോടതി. സ്കൂൾ യൂനിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നൽകിയ ഹരജി കോടതി തള്ളി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രയാഗ്‌രാജിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയാണ് ഹരജി നൽകിയത്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ വിദ്യാർഥിനി അതേ സ്കൂളിൽ 11-ാം ക്ലാസിൽ പ്രവേശനം തേടിയിരുന്നു. മാതാവ് മുഖേനയാണ് കോടതിയെ സമീപിച്ചത്.
ഇസ്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ് ഹിജാബെന്നും ആറാം ക്ലാസ് മുതൽ സ്കൂളിൽ ഹിജാബ് ധരിച്ചിരുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, ഇന്ദിരജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിവിധ ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥിനിയുടെ ചിത്രങ്ങൾ പരിശോധിച്ച കോടതി, ഹരജിക്കാരിയെ ഒഴികെ മറ്റ് പെൺകുട്ടികളാരും ഹിജാബ് ധരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചു. അതേ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികളും ഹിജാബ് ധരിക്കുന്നതായി കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ അനിവാര്യമായ മതാചാരമാണെന്ന വാദവും കോടതി തള്ളി. ഇത്തരമൊരു വിഷയമുയർന്ന കേസുകളിൽ ഹൈക്കോടതികൾ ഏകകണ്ഠമായി ഹിജാബ് ധരിക്കൽ സ്ത്രീകൾക്ക് നിർബന്ധമായ അനിവാര്യ മതാചാരമല്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.

ആഗസ്റ്റ് 21ന് പുറപ്പെടുവിച്ച വിധിയിൽ, ഹിജാബ് അനിവാര്യ മതാചാരമാണെന്ന ഹരജിയിലെ വാദം വെറും അവകാശവാദം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.സ്കൂളിന്റെ യൂനിഫോം ചട്ടം എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ ബാധകവും വിവേചനരഹിതവുമാണെങ്കിൽ, സ്ഥാപനത്തിന്റെ അച്ചടക്കവും സമത്വവും ഉറപ്പാക്കുന്നതിനായി അത് നടപ്പാക്കാൻ സ്കൂളിന് പൂർണ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യ, സ്വയം ധനസഹായത്തോടെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥാപനപരിസരത്ത് ഏകീകൃത വസ്ത്രധാരണച്ചട്ടം നടപ്പാക്കാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു. വ്യക്തിഗത താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ യൂനിഫോമിനൊപ്പം അധിക വസ്ത്രം ധരിക്കാൻ പ്രത്യേക അനുമതി ആവശ്യപ്പെടുന്നത് നിയമപരമായ അവകാശമല്ലെന്നും കോടതി വ്യക്തമാക്കി.
ഒരു വിദ്യാർഥിക്ക് മാത്രം യൂനിഫോമിൽ ഇളവ് അനുവദിച്ചാൽ ‘യൂണിഫോം’ എന്ന ആശയം തന്നെ ഇല്ലാതാകുമെന്നും അത് സ്കൂൾ അച്ചടക്കത്തിന്റെ നിയന്ത്രണം സ്ഥാപനത്തിൽനിന്ന് വ്യക്തിഗത വിദ്യാർഥികളിലേക്ക് മാറ്റുന്നതിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

വിവിധ മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണെന്നും ഒരാൾക്ക് മാത്രം യൂനിഫോം ചട്ടത്തിൽ ഇളവ് അനുവദിക്കുന്നത് അച്ചടക്കത്തെയും ഏകീകൃത വസ്ത്രധാരണ രീതിയെയും ബാധിക്കുമെന്നും സ്കൂൾ കോടതിയിൽ വാദിച്ചു. സംസ്ഥാന സർക്കാരും സി.ബി.എസ്.ഇയും ഹരജിയെ എതിർത്തിരുന്നു.

ALSO READ:ഡോ. ടി. മുഹമ്മദ് അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകിട്ട് കാരന്തൂരിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക