25
Aug 2026
Tue
25 Aug 2026 Tue
Bihar student protest

ബിഹാറിൽ വിദ്യാർഥി പ്രതിഷേധം ശക്തമായി. വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾ പട്‌നയിലെ ഡാക് ബംഗ്ലാവ് ചൗക്കിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തു മുന്നേറി. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (BPSC) പരീക്ഷാർഥികളടക്കം നിരവധി വിദ്യാർഥികളാണ് പ്രതിഷേധത്തിൽ അണിനിരന്നത്. ഗാന്ധി മൈതാനിയിൽ നിന്ന് ആരംഭിച്ച മാർച്ച് ഡാക് ബംഗ്ലാവ് ചൗക്കിൽ എത്തിയതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധം കണക്കിലെടുത്ത് പട്‌നയിലെ പ്രധാന ജങ്ഷനുകളിലെല്ലാം കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഡാക് ബംഗ്ലാവ് ചൗക്കിൽ സിആർപിഎഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) ഉൾപ്പെടെയുള്ള അധിക സേനയെയും വിന്യസിച്ചിട്ടുണ്ട്.

70-ാം ബിപിഎസ് സി പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം

പട്‌നയിലെ ഗാർദാനിബാഗിൽ ആഴ്ചകളായി വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. 70-ാം ബിപിഎസ് സി പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരീക്ഷ റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. BPSC-TRE 4-ൽ ഒറ്റഘട്ട പരീക്ഷ നടപ്പാക്കുക, നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കുക, ബിപിഎസ് സി പരീക്ഷകൾ നടത്തുക, ഹിന്ദി മാധ്യമ വിദ്യാർഥികൾക്ക് തുല്യ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്.

TRE 4.0 പരീക്ഷയിൽ ഒറ്റഘട്ട സംവിധാനം നടപ്പാക്കണമെന്നും നെഗറ്റീവ് മാർക്കിങ് ഒഴിവാക്കണമെന്നും കോൺഗ്രസ് നേതാവ് സുഷിൽ കുമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധക്കാർക്ക് പിന്തുണയുമായി തേജസ്വി യാദവ്

ബിപിഎസ് സി പരീക്ഷാ വിവാദത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ അവഗണിക്കരുതെന്നും അടിയന്തരമായി ചർച്ച നടത്തി പരിഹാരം കാണണമെന്നും പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദൾ ഉൾപ്പെടെ വിവിധ സംഘടനകളും വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കുന്നതിനായി എല്ലാ മാസവും ‘വിദ്യാർഥി സഹയോഗ് ശിവിർ’ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അറിയിച്ചു. എല്ലാ മാസവും നാലാമത്തെ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാംപുകൾ നടത്തും. പരാതികൾ ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്ഥിതിവിവരം അറിയാനും സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരീക്ഷാ കൺട്രോളറുടെ പരാമർശവും വിവാദത്തിൽ

BPSC പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങളും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ പരീക്ഷാ കൺട്രോളർ രാജേഷ് കുമാർ നടത്തിയ ‘ആന ചന്തയിലൂടെ നടക്കും, ആയിരം നായകൾ കുരയ്ക്കും’ എന്ന പരാമർശവും വിവാദമായിരുന്നു.

പരാമർശത്തിൽ പ്രതിഷേധിച്ച തേജസ്വി യാദവ് പരീക്ഷാ കൺട്രോളറെ ഉടൻ നീക്കി മാപ്പുപറയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥികളോടും യുവാക്കളോടും അപമര്യാദയായി പെരുമാറുന്ന സാഹചര്യം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിദ്യാർഥി സംഘടനകളുമായുള്ള ചർച്ചയും സർക്കാരിന്റെ തുടർ നടപടികളും നിർണായകമാകും.

ALSO READ: യുഎസിന് താക്കീതായി ചൈനയുടെ മിസൈൽ പരീക്ഷണം; സൈനിക ശക്തി പ്രകടിപ്പിച്ച് ബെയ്ജിങ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക