27
Aug 2026
Thu
27 Aug 2026 Thu
Nepal Flash Flood Death Toll Crosses 165

കാഠ്മണ്ഡു: തിബത്തന്‍ അതിര്‍ത്തിയിലുണ്ടായ കനത്ത മിന്നല്‍ പ്രളയത്തില്‍ നേപ്പാളിലും തിബത്തിലുമായി മരണം 165 കടന്നു. നിരവധിയാളുകളെയും വിദേശ വിനോദസഞ്ചാരികളെയും കാണാതായിട്ടുണ്ട്. ചൈനയ്ക്കും നേപ്പാളിനും ഇടയിലൂടെ ഒഴുകുന്ന ഭോട്ടെ കോശി, ത്രിശൂലി നദികളിലാണ് വന്‍തോതില്‍ ചളിയും അവശിഷ്ടങ്ങളും വന്നെത്തി വന്‍ പ്രളയമുണ്ടായത്. നേപ്പാളിലെ വീടുകളും റോഡുകളും പാലങ്ങളും ജലവൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഇരുരാജ്യങ്ങളിലെയും അധികൃതര്‍ നല്‍കുന്ന സൂചന. പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമങ്ങള്‍ക്ക് പകരം ചളി നിറഞ്ഞ അവശിഷ്ടങ്ങള്‍ മാത്രം ബാക്കിയായതിന്റെ ഞെട്ടിക്കുന്ന വ്യോമ ദൃശ്യങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ പുറത്തുവന്നത്. നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


ALSO READ: പത്തനംതിട്ടയിൽ വഴിയാത്രക്കാർക്കിടയിലേക്കു കാർ പാഞ്ഞുകയറി ഒരു മരണം; നിരവധി പേർക്ക് പരിക്ക്

നേപ്പാളില്‍ മാത്രം 162 പേര്‍ മരിച്ചതായാണ് വിവരം. കാണാതായവരില്‍ 142 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഓസ്‌ട്രേലിയ, ബ്രിട്ടന്‍, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യു.എസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെയാണ് കാണാതായിരിക്കുന്നത്. തിബത്തന്‍ അതിര്‍ത്തിയിലെ ഗൈറോങ്ങില്‍ (Gyirong) മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും 265 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് വന്‍തോതില്‍ ചളിയും വെള്ളവും ഇരച്ചുകയറുന്നതിന്റെയും വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെയും ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നദിയിലെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ വീണ്ടും പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടിയന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ നേതൃത്വം നല്‍കുന്നുണ്ട്.

Tags: Nepal flash floods news, Tibet Nepal border flood, Indians missing in Nepal, Nepal landslide news, International news Malayalam, Breaking news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക