മെഹ്സാന: അമേരിക്കയിലേക്ക് പുറപ്പെട്ട ഗുജറാത്തുകാരനായ മൂന്ന് യുവാക്കളെ വിദേശത്ത് കാണാതായതായി റിപ്പോര്‍ട്ട്. ബന്ധുക്കളെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് എത്യോപ്യയില്‍ നിന്ന് ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നതോടെ വന്‍ പരിഭ്രാന്തിയിലാണ് കുടുംബം. ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണ് സംഭവം.
|
പ്രധാന വിവരങ്ങൾ (Key Highlights)
- മൂന്ന് പേരെ കാണാതായി: അനധികൃത വഴികളിലൂടെ അമേരിക്കയിലേക്ക് പുറപ്പെട്ട ഗുജറാത്തുകാരായ മൂന്ന് ബന്ധുക്കളെ എത്യോപ്യയിൽ വെച്ച് കാണാതായി.
- 1 കോടി മോചനദ്രവ്യം: ഏജന്റമാർക്ക് 70 ലക്ഷം രൂപ നൽകിയ കുടുംബത്തോട് മൂവരെയും മോചിപ്പിക്കാൻ വീണ്ടും 1 കോടി രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയവരുടെ ഭീഷണി കോൾ.
- അന്വേഷണം ആരംഭിച്ചു: ലാംഘ്നാജ് പോലീസ് ഏജന്റുമാരുടെ പങ്ക് പരിശോധിക്കുകയും അന്താരാഷ്ട്ര തലത്തിൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.
30 കാരിയായ മമത ചൗഡ, ഇവരുടെ ബന്ധുക്കളായ ഋത്വിക് ജന്‍സാരി (23), മയൂരി സോളങ്കി (27) എന്നിവരെയാണ് കാണാതായത്.
മമതയുടെ ഭര്‍ത്താവ് കഴിഞ്ഞ മൂന്ന് വര്‍ഷമായി വിദ്യാര്‍ത്ഥി വിസയില്‍ അമേരിക്കയിലാണ് താമസിക്കുന്നത്. എന്നാല്‍ മമതയുടെ വിസ അപേക്ഷ തുടര്‍ച്ചയായി ആറ് തവണ നിരസിക്കപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കുടുംബത്തെ അമേരിക്കയിലെത്തിക്കാന്‍ അനധികൃത മനുഷ്യക്കടത്ത് സംഘത്തെ സമീപിച്ചത്. പ്രാദേശിക ഏജന്റായ അല്‍പേഷ് പഞ്ചാലാണ് അമേരിക്കയിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയത്.
തുടര്‍ന്ന് വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാര്‍ഗവ് പട്ടേല്‍ എന്ന ഏജന്റുമായി ബന്ധപ്പെട്ടു. ഒരാള്‍ക്ക് 75 ലക്ഷം രൂപ നിരക്കില്‍ മൂന്നുപേരെയും അമേരിക്കയിലെത്തിക്കാമെന്നാണ് ഏജന്റുമാര്‍ അറിയിച്ചിരുന്നത്. ഇതിനായി 70 ലക്ഷം രൂപ കുടുംബം ഏജന്റുമാര്‍ക്ക് മുന്‍കൂറായി നല്‍കുകയും ചെയ്തു.
സെപ്റ്റംബര്‍ 20 ന് മൂവരെയും ഗോജാരിയയില് നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ഇത്തിഹാദ് എയര്‍വേയ്സ് വിമാനത്തില്‍ അബുദാബി വഴിയാണ് എത്യോപ്യയിലെ അഡിസ് അബാബയില്‍ എത്തിയത്. എത്യോപ്യയില്‍ വണ്‍-മന്ത് ഇ-വിസയില്‍ സ്വാസിലാന്‍ഡ് സ്ട്രീറ്റിലെ ജിഎസ്എഫ് ക്യാമ്പ് (GSF Camp) എന്ന കേന്ദ്രത്തിലാണ് ഇവര്‍ തങ്ങിയിരുന്നത്.
സെപ്റ്റംബര്‍ 22-ന് മമത കുടുംബത്തെ ഫോണില്‍ വിളിച്ച് തങ്ങള്‍ കാനഡയില്‍ സുരക്ഷിതമായി എത്തിയെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ കോളിന് തൊട്ടുപിന്നാലെ മൂവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആവുകയും ബന്ധം പൂര്‍ണ്ണമായി വേര്‍പെടുകയും ചെയ്തു.
മൂന്ന് ദിവസത്തിന് ശേഷം ഖാന് എന്ന് മാത്രം പരിചയപ്പെടുത്തിയ അപരിചിതനായ ഒരാളില്‍ നിന്ന് കുടുംബത്തിന് ഭീഷണി കോള്‍ എത്തുകയായിരുന്നു. മമതയെയും ഋത്വിക്കിനെയും മയൂരിയെയും തട്ടിക്കൊണ്ടുപോയെന്നും ഇവരെ മോചിപ്പിക്കണമെങ്കില്‍ ഒരു കോടി രൂപ മോചനദ്രവ്യം നല്‍കണമെന്നുമാണ് ഫോണില്‍ ആവശ്യപ്പെട്ടത്.
ഏജന്റുമാര്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്കി സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ് കുടുംബം. തങ്ങളുടെ മക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മമതയുടെ പിതാവ് കിരിത്ഭായ് ചൗഹാന് കണ്ണീരോടെ അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ഇവര്‍ കാനഡയില്‍ എത്തിയിട്ടില്ലെന്നും എത്യോപ്യയില്‍ വെച്ചാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് ഏജന്റായ അല്‍പേഷ് പഞ്ചാല്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. തന്റെ അന്താരാഷ്ട്ര ഏജന്റിനെയും കാണാതായിട്ടുണ്ടെന്നും, തട്ടിക്കൊണ്ടുപോയവര്‍ക്ക് താന്‍ ഇതിനകം 60 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും, അവര്‍ വീണ്ടും 1 കോടി രൂപ കൂടി ആവശ്യപ്പെടുകയാണെന്നുമാണ് പഞ്ചാല്‍ പറയുന്നത്.
സംഭവത്തില്‍ ലാംഘ്നാജ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രാ ഏജന്റുമാരുടെ പങ്ക് പരിശോധിച്ചു വരികയാണെന്നും, മോചനദ്രവ്യം ആവശ്യപ്പെട്ട ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Tags: Gujarat Human Trafficking Case, US Donkey Route Kidnapping, Ethiopia Ransom Call Gujarat, Mehsana Missing Youth News, USA Visa Fraud Gujarat, Crime News Malayalam, International Human Smuggling
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



