16
Oct 2026
Fri
16 Oct 2026 Fri
Abhijith Deepke and Neha Bora detained by police ahead of tiranga rally

തിരംഗ യാത്ര നടത്താനിരിക്കെ കൊക്ക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ന്യൂഡൽഹിയിലെ കനോട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ ‘ലഹ്‌റാ ദോ തിരംഗ’ എന്ന പേരിൽ റാലി നടത്താനിരിക്കെയാണ് വീട്ടിലെത്തി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ദിപ്കെയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്‌ഐആറിനിടെ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാനായി മുംബൈയിൽനിന്ന് ഡൽഹിയിലെത്തിയപ്പോഴും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ഒക്ടോബർ 13ന് ജന്തർ മന്തറിൽ ദേശീയപതാക വീശി പ്രതിഷേധിച്ച കൊക്ക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ അറസ്റ്റ് ചെയ്തതും പുതിയ പ്രതിഷേധങ്ങൾക്ക് കാരണമായി. പ്രതിഷേധങ്ങൾക്കുള്ള വേദിയെന്ന പദവി ജന്തർ മന്തറിന് നഷ്ടമായതിന് പിന്നാലെയായിരുന്നു ഇവരുടെ നടപടി. ഇരുവരെയും അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

റാലിക്ക് അനുമതിയില്ലെന്ന് പൊലീസ്

തിരംഗ യാത്രയ്ക്ക് മുന്നോടിയായി ഡൽഹി പൊലീസ് ദിപ്കെയുടെ വീട്ടിലെത്തി റാലി നടത്തരുതെന്ന് നിർദേശിക്കുന്ന നോട്ടീസ് കൈമാറിയിരുന്നു. ഭാരതീയ ന്യായ സുരക്ഷാ സംഹിതയിലെ (BNSS) 163-ാം വകുപ്പ് പ്രകാരമാണ് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്. കനോട്ട് പ്ലേസ് ഉൾപ്പെടുന്ന മേഖലയിൽ നിരോധന ഉത്തരവുകൾ നിലവിലുണ്ടെന്നും റാലിക്ക് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ (NDMC) അനുമതി ലഭിച്ചിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ദേശീയപതാക വീശുന്നത് നിയമവിരുദ്ധമല്ലെന്നും എന്നാൽ അനുമതിയില്ലാതെ റാലി നടത്തുകയും ജനക്കൂട്ടത്തെ സംഘടിപ്പിക്കുകയും ചെയ്യുന്നത് നിയന്ത്രണങ്ങളുടെ ലംഘനമാകുമെന്നും പൊലീസ് ദിപ്കെയെ അറിയിച്ചു. ദേശീയപതാകയോട് ആദരവ് പുലർത്തുന്നതുമായി ബന്ധപ്പെട്ട ഫ്ലാഗ് കോഡിലെ വ്യവസ്ഥകളും അദ്ദേഹത്തെ ഓർമിപ്പിച്ചു.

തുടർന്ന് ദിപ്കെയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ, “നിങ്ങൾക്ക് ന്യൂഡൽഹിയിലേക്ക് പോകാനാകില്ല. ഞങ്ങൾ നിങ്ങളെ കസ്റ്റഡിയിലെടുക്കുകയാണ്” എന്ന് പൊലീസ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

“ന്യൂഡൽഹിയിലേക്ക് പോകാനാകില്ലെങ്കിൽ മറ്റെവിടെയെങ്കിലും പോകാമല്ലോ. ഞാൻ എന്ത് നിയമമാണ് ലംഘിച്ചത്?” എന്നായിരുന്നു ദിപ്കെയുടെ മറുപടി.

ഗാന്ധിയുടെ ചിത്രം പതിച്ച വെള്ള ടീ ഷർട്ടും ജീൻസും ധരിച്ചിരുന്ന ദിപ്കെയുടെ തോളിൽ ചെറിയ ദേശീയപതാകയുമുണ്ടായിരുന്നു. തന്നെ കുറ്റപ്പെടുത്തുന്നതിന്റെ കാരണം ചോദിച്ചുകൊണ്ട് പൊലീസിനോട് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിദ്യാർഥി നേതാവ് നേഹ ബോറയും കസ്റ്റഡിയിൽ

ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) മേധാവി നേഹ ബോറയെയും ജന്തർ മന്തറിന് സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. 29 വയസ്സുകാരിയായ നേഹ ഉൾപ്പെടെ നിരവധി പ്രമുഖ പ്രവർത്തകരെയാണ് പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊക്ക്രോച്ച് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് നേരെ അധികൃതർ നടപടി ശക്തമാക്കിയതോടെയാണ് സംഭവവികാസങ്ങൾ. ദേശീയപതാകയുമായി പ്രതിഷേധം നടത്താനുള്ള നീക്കങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധങ്ങളും ഡൽഹിയിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

ALSO READ: പി.എഫ്.ഐ മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന് അനുകൂല വിധിയുമായി സുപ്രീം കോടതി; കര്‍ശന ഉപാധികളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് അനുമതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക