ന്യൂഡല്ഹി: യു.എ.പി.എ (UAPA) കേസില് തടവില് കഴിയുന്ന നിരോധിത സംഘടനയായ പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) മുന് ദേശീയ ചെയര്മാന് ഇ. അബൂബക്കറിന് വൈദ്യസഹായം ഉറപ്പാക്കി സുപ്രീം കോടതിയുടെ നിര്ണ്ണായക ഉത്തരവ്. ഡല്ഹി സാകേതിലെ മാക്സ് സൂപ്പര് സ്പെഷ്യാലിറ്റി ആശുപത്രിയില് (Max Hospital, Saket) പ്രവേശിപ്പിച്ച് ചികിത്സ നല്കാനാണ് നിര്ദ്ദേശിച്ചിരിക്കുന്നത്.
|
ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചതും കടുത്ത ഉപാധികളോടെ ചികിത്സയ്ക്ക് അനുമതി നല്കിയതും.
കര്ശന നിബന്ധനകള് ഏര്പ്പെടുത്തി കോടതി
മാക്സ് ആശുപത്രിയിലെ ചികിത്സയ്ക്ക് കോടതി ചില വ്യക്തമായ നിര്ദ്ദേശങ്ങള് മുന്നോട്ടുവെച്ചിട്ടുണ്ട്:
സ്വന്തം ചെലവില് ചികിത്സ: ആശുപത്രിയിലെ ചികിത്സാ ചെലവുകളും അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്ന പൊലീസുകാരുടെ വിഹിതവും അബൂബക്കര് തന്നെ സ്വന്തമായി വഹിക്കേണ്ടതാണ്.
സുരക്ഷയും നിയന്ത്രണങ്ങളും: ആശുപത്രിവാസത്തിലുട നീളം പൊലീസ് കാവലുണ്ടാകും. അബൂബക്കറിനോ കൂടെനില്ക്കുന്ന സഹായിക്കോ മൊബൈല് ഫോണോ മറ്റ് ഡിജിറ്റല് ഉപകരണങ്ങളോ ഉപയോഗിക്കാന് അനുവാദമില്ല.
സഹായിക്ക് നിയന്ത്രണം: രണ്ട് മക്കളില് ഒരാള്ക്ക് മാത്രം ഒരേസമയം കൂട്ടിരിപ്പുകാരനായി നില്ക്കാം. രണ്ടുപേര്ക്കും മാറിമാറി നില്ക്കാമെങ്കിലും എപ്പോഴും ഒരാള് മാത്രമേ മുറിയിലുണ്ടാകാന് പാടുള്ളൂ. മക്കളുടെ പേരുകള് കോടതി ഉത്തരവില് രേഖപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രി അധികൃതര് അബൂബക്കറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും തുടര്ചികിത്സയുടെ ദൈര്ഘ്യത്തെക്കുറിച്ചും വിശദമായ റിപ്പോര്ട്ട് സമര്പ്പിക്കണമെന്നും റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കേസ് പിന്നീട് വീണ്ടും പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
‘നിയമത്തിനൊപ്പം സഹതാപവും വേണം’ കോടതിയുടെ പരാമര്ശം
വാദം കേള്ക്കലിനിടെ അബൂബക്കറിന്റെ അഭിഭാഷകന് കോടതിയുടെ മാനുഷിക സമീപനത്തിന് നന്ദി അറിയിച്ചപ്പോള് ജസ്റ്റിസ് എം.എം. സുന്ദരേഷ് നടത്തിയ നിരീക്ഷണം ശ്രദ്ധേയമായി:
‘ഒരു ജഡ്ജി എന്ന നിലയില് നിയമ വശങ്ങളെക്കുറിച്ച് നിങ്ങള്ക്കെല്ലാം ഞങ്ങളെക്കാള് നന്നായി അറിയാം. എന്നാല് ഒരു കോടതിയില് നിന്ന് ആവശ്യമുള്ളത്, നിയമത്തിനൊപ്പം കുറച്ച് സഹതാപവും കരുണയും കൂട്ടിക്കലര്ത്തുക എന്നതാണ്…’സെന്ട്രല് ഏജന്സിക്ക് വേണ്ടി ഹാജരായ അഡീഷണല് സോളിസിറ്റര് ജനറല് എസ്.വി. രാജുവിന്റെ നിയമ പരിജ്ഞാനത്തെ അഭിനന്ദിച്ച ബെഞ്ച്, വ്യാപ്തിയും ആരോഗ്യസ്ഥിതിയും മുന്നിര്ത്തി വേറിട്ട കാഴ്ചപ്പാടില് കാര്യങ്ങള് കാണാന് കോടതി ബാധ്യസ്ഥരാണെന്ന് ഓര്മ്മിപ്പിച്ചു.
കേസിന്റെ പശ്ചാത്തലം
2022 സെപ്റ്റംബറില് രാജ്യവ്യാപകമായി എല്.ഐ.എ നടത്തിയ റെയ്ഡിനെ തുടര്ന്നാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്യുന്നത്. മുമ്പ് ക്യാന്സര് രോഗബാധിതനായിരുന്ന അദ്ദേഹം പാര്ക്കിന്സണ്സ്, പ്രമേഹം, ശ്വാസകോശ അണുബാധ തുടങ്ങിയ സങ്കീര്ണ്ണമായ ആരോഗ്യപ്രശ്നങ്ങള് നേരിടുന്നുണ്ട്. അബൂബക്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ മുന്പ് പട്യാല ഹൗസ് വിചാരണക്കോടതി തള്ളിയിരുന്നെങ്കിലും, പ്രായവും മോശം ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് സുപ്രീം കോടതി ഇപ്പോള് സ്വകാര്യ ആശുപത്രിയില് വിദഗ്ദ്ധ ചികിത്സയ്ക്ക് നിര്ദ്ദേശം നല്കിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





