16
Oct 2026
Fri
16 Oct 2026 Fri
Marathon runner Who Died Just Before Completing Marathon

ദക്ഷിണ കൊറിയയിലെ പ്രശസ്ത കായികതാരവും റണ്ണിങ് ഇൻഫ്ലുവൻസറുമായ യോ ജി-വോൺ (Yoo Ji-won) ഹാഫ് മാരത്തണിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഒക്ടോബർ 11 ഞായറാഴ്ച നടന്ന സിയൂൾ റേസിനിടെയാണ് ദാരുണ സംഭവം. 21 കിലോമീറ്റർ ഓട്ടത്തിൽ ഫിനിഷിങ് ലൈനിലെത്താൻ ഒരു കിലോമീറ്ററോളം മാത്രം ശേഷിക്കെയാണ് താരം കുഴഞ്ഞുവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫിനിഷിങ് ലൈനിന് സമീപത്തെ റോഡിൽ യോയെ അബോധാവസ്ഥയിൽ കണ്ടെത്തിയ റേസ് അധികൃതർ ഉടൻ അടിയന്തര സേവനങ്ങളെ വിവരമറിയിച്ചു. സ്ഥലത്തുവെച്ചുതന്നെ പ്രാഥമിക ചികിത്സയും ഹൃദയ-ശ്വാസകോശ പുനരുജ്ജീവന നടപടിയായ സിപിആറും നൽകിയശേഷം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ ബോധം വീണ്ടെടുക്കാനായില്ല. പിന്നാലെ മരണം സ്ഥിരീകരിച്ചു.

ഇൻസ്റ്റഗ്രാമിലൂടെ സിയൂൾ റേസ് സംഘാടകരാണ് യോയുടെ മരണവിവരം അറിയിച്ചത്. രാവിലെ 8.49ഓടെ ഹാഫ് മാരത്തണിന്റെ 20.6 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് താരം കുഴഞ്ഞുവീണതെന്ന് പ്രസ്താവനയിൽ പറഞ്ഞു.

സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയശേഷം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സംഘാടകർ വ്യക്തമാക്കി. യോയുടെ കുടുംബത്തിനും മരണവിവരത്തിൽ ദുഃഖിതരായ മറ്റ് മത്സരാർഥികൾക്കും അനുശോചനം അറിയിച്ചു. സംഭവത്തെക്കുറിച്ച് നിരീക്ഷണം തുടരുകയാണെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.

അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് സുഹൃത്ത്

യോയുടെ സുഹൃത്തും റണ്ണിങ് കണ്ടന്റ് ക്രിയേറ്ററുമായ ബമ്മി (Bummy) സമൂഹമാധ്യമങ്ങളിലൂടെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചു.

താൻ ഓട്ടം പൂർത്തിയാക്കി ഫിനിഷിങ് ലൈനിന് സമീപമെത്തിയപ്പോൾ വലിയൊരു ജനക്കൂട്ടം കണ്ടിരുന്നുവെന്നും ആരോ അപകടത്തിൽപ്പെട്ടതാകാമെന്നാണ് ആദ്യം കരുതിയതെന്നും അദ്ദേഹം പറഞ്ഞു. ഫിനിഷിങ് ലൈൻ കടന്നശേഷം അവാർഡ് വേദിയിൽ യോയെ അന്വേഷിച്ചെങ്കിലും പിന്നീട് ലഭിച്ച വാർത്ത വിശ്വസിക്കാനായില്ലെന്നും അദ്ദേഹം കുറിച്ചു.

യോയെ അവസാനമായി ഒരുനോക്ക് കാണാമെന്ന പ്രതീക്ഷയിൽ ആശുപത്രിയിലേക്ക് ഓടിയെത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ കൂടെയിരിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും സുഹൃത്ത് പറഞ്ഞു.

ആരായിരുന്നു യോ ജി-വോൺ?

ദക്ഷിണ കൊറിയയിലെ അമച്വർ റണ്ണിങ് രംഗത്ത് ശ്രദ്ധേയമായി വളർന്നുവരികയായിരുന്നു യോ ജി-വോൺ. പരിശീലന രീതികളും കായിക നേട്ടങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്ന അവർക്ക് 9,000ത്തിലധികം അനുയായികളുണ്ടായിരുന്നു.

കായികരംഗത്തിന് പുറമെ വിദ്യാഭ്യാസ മേഖലയിലും മികച്ച നേട്ടങ്ങൾ കൈവരിച്ച വ്യക്തിയായിരുന്നു യോ. കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (KAIST) നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെമികണ്ടക്ടറുകളിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടിയിരുന്നു. ഇവാ വുമൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിരുദവും നേടിയിട്ടുണ്ട്.

ശാസ്ത്ര-സാങ്കേതിക മേഖലയിൽ മികച്ച അക്കാദമിക് നേട്ടങ്ങളുണ്ടായിരുന്നിട്ടും ഓട്ടത്തോടുള്ള അതിയായ താൽപര്യമാണ് യോയെ റണ്ണിങ് രംഗത്ത് സജീവമാക്കിയത്. അപ്രതീക്ഷിതമായ വിയോഗം കായികപ്രേമികൾക്കും സഹപ്രവർത്തകർക്കും വലിയ ദുഃഖമായി.

ALSO READ:തിരംഗ യാത്രയ്ക്ക് മുൻപ് അഭിജിത് ദീപ്കെയും വിദ്യാർഥി നേതാവ് നേഹ ബോറയും പൊലീസ് കസ്റ്റഡിയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക