17
Oct 2026
Sat
17 Oct 2026 Sat
Malappuram Wandoor Jaundice Outbreak Hotel Food Death

മലപ്പുറം: വണ്ടൂര്‍ ടൗണില്‍ മഞ്ചേരി റോഡില്‍ പുതുതായി ആരംഭിച്ച ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കിടയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു. ഇതുവരെ നൂറിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാളികാവ് അച്ചിപ്പാറ സ്വദേശിയായ വ്യാപാരി സത്താര്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടത് പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

ഇ-കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി; ഹോട്ടല്‍ പൂട്ടിച്ചു

വണ്ടൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത് (55 പേര്‍). കൂടാതെ പോരൂര്‍ (15), തിരുവാലി (14), കാളികാവ് (9), തൃക്കലങ്ങോട് (5), മമ്പാട് (1) എന്നിങ്ങനെ വണ്ടൂര്‍ ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വണ്ടൂര്‍, കാളികാവ് ആരോഗ്യ ബ്ലോക്കുകളിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ ആകെ എണ്ണം ഇതിനകം 200 കവിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

തുടക്കത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ ഉപയോഗിച്ച വെള്ളത്തിലും മറ്റും മാരകമായ ‘ഇ-കോളി’ (E. coli) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഹോട്ടല്‍ അടിയന്തരമായി അടപ്പിച്ചു.

കര്‍ശന പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വണ്ടൂര്‍ ബ്ലോക്കിന് കീഴിലെ എട്ടു പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അടിയന്തര യോഗം ചേര്‍ന്നു. വാര്‍ഡ് തലത്തില്‍ പ്രത്യേക ഹെല്‍ത്ത് സ്‌ക്വാഡുകള്‍ രൂപവീകരിച്ച് വീടുകള്‍ തോറും കയറി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീടുകളില്‍ ക്ലോറിനേഷന്‍ ഉറപ്പാക്കുന്നതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

നഗരത്തിലെ റസ്റ്റോറന്റുകള്‍, കൂള്‍ബാറുകള്‍, കാന്റീനുകള്‍, തട്ടുകടകള്‍, സായാഹ്ന ഭക്ഷണ വില്‍പനശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

നിലവില്‍ വിവിധ ആശുപത്രികളിലായി നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. പൊതുജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും, വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കാനും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനി, മഞ്ഞനിറം, ഓക്കാനം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടുന്നവര്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Tags: Malappuram Wandoor Jaundice Outbreak, Wandoor Hotel Food Poisoning, Kalikavu Sathar Death, Kerala Health Department Jaundice News, Local News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക