കണ്ണൂര്: ദേശീയപാതയിലെ പാപ്പിനിശ്ശേരി ചുങ്കത്ത് മിനിലോറിയില് നിന്ന് ഓക്സിജന് സിലിണ്ടര് റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് കെഎസ്ഇബി ജീവനക്കാരനും ചിറക്കല് പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ താമസക്കാരനുമായ കെ. ശ്രീജിത്താണ് (48) അപകടത്തില് മരിച്ചത്.
|
വെള്ളിയാഴ്ച രാത്രി ഒന്പതരയോടെ പാപ്പിനിശ്ശേരി ചുങ്കം കവലയ്ക്ക് സമീപമായിരുന്നു നടുക്കുന്ന അപകടം. തളിപ്പറമ്പിലെ ജോലി കഴിഞ്ഞ് ബൈക്കില് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീജിത്ത്.
ദേഹത്തേക്ക് തെറിച്ചുവീണ ഉടന് പൊട്ടിത്തെറിച്ചു
മുന്നില് സഞ്ചരിക്കുകയായിരുന്ന മിനിലോറിയില് സുരക്ഷിതമല്ലാത്ത രീതിയില് കയറ്റിവെച്ചിരുന്ന ഓക്സിജന് സിലിണ്ടറുകളില് ഒന്നാണ് പിന്നാലെ വരികയായിരുന്ന ശ്രീജിത്തിന്റെ ബൈക്കിലേക്ക് തെറിച്ചുവീണത്. സിലിണ്ടര് ദേഹത്തേക്ക് വീണയുടന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോര്ട്ടുകള്.
അപകടത്തില് അതീവ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടന് തന്നെ സമീപത്തെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ലോറി കസ്റ്റഡിയില്; അന്വേഷണവുമായി പോലീസ്
സംഭവത്തെ തുടര്ന്ന് അപകടത്തിന് കാരണമായ മിനിലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിലാണ് വാഹനത്തില് സിലിണ്ടറുകള് അടുക്കിവെച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. വണ്ടിയുടെ അമിതവേഗതയും കൃത്യമായി റോപ്പ് കെട്ടാത്തതും അപകടത്തിന് കാരണമായോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
മൃതദേഹം ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം കണ്ണൂര് പരിയാരം മെഡിക്കല് കോളേജ് മോര്ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്ട്ടം നടപടികള്ക്ക് ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കും.
Tags: Kannur Pappinissery Accident, Oxygen Cylinder Falls Lorry KSEB Employee, Sreejith Kannur Accident, Valapattanam Police Investigation, Kerala Crime News Malayalam, Local News Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





