17
Oct 2026
Sat
17 Oct 2026 Sat
Zainul Abideen Murder Case Prosecution Explanation

കാസര്‍കോഡ് തളങ്കരയിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദീന്‍ (24) വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിടാനിടയായതിന്റെ കാരണം വിശദീകരിച്ച് പ്രോസിക്യൂഷന്‍. കേസിലെ ഏക ദൃക്‌സാക്ഷിയും സൈനുല്‍ ആബിദിന്റെ പിതാവുമായ കെ എ മുഹമ്മദ് കുഞ്ഞിയുടെ മരണമാണ് പ്രധാന തിരിച്ചടിയായതെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചു. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും വ്യക്തമാക്കി. മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കുടുംബവും വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • പ്രോസിക്യൂഷൻ വിശദീകരണം: കാസർകോട് തളങ്കര സൈനുൽ ആബിദീൻ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതി വിധിക്കെതിരെയും കാരണങ്ങളെക്കുറിച്ചും ഔദ്യോഗിക വിശദീകരണവുമായി പ്രോസിക്യൂഷൻ രംഗത്ത്.
  • ദൃക്‌സാക്ഷിയുടെ മരണം നിർണ്ണായകമായി: കേസിലെ ഏക ദൃക്‌സാക്ഷിയും കൊല്ലപ്പെട്ട സൈനുലിന്റെ പിതാവുമായ കെ.എ. മുഹമ്മദ് കുഞ്ഞി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ അപകടത്തിൽ മരണപ്പെട്ടത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി.
  • സാക്ഷികൾ കൂറുമാറി: വിചാരണ വേളയിൽ പ്രതികൾ ഓടിമാറുന്നത് കണ്ടതായി മൊഴി നൽകിയിരുന്ന മറ്റ് സാക്ഷികളും മൊഴി മാറ്റിപ്പറഞ്ഞത് കേസിനെ ദോഷകരമായി ബാധിച്ചു.
  • കുടുംബത്തിന്റെ അപ്പീൽ നീക്കം: വിധിയിൽ കടുത്ത നിരാശ പ്രകടിപ്പിച്ച കുടുംബം, വിധിപ്പകര്‍പ്പ് ലഭിച്ചാലുടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും ആരോപണം.

ശാസ്ത്രീയ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചുവെന്നും ഇത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നുമുള്ള പ്രതിഭാഗത്തിന്റെ ആരോപണം പ്രോസിക്യൂഷന്‍ നിഷേധിച്ചു. പ്രോസിക്യൂഷന്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് സൈനുദ്ദീന്റെ പിതാവിന്റെ മൊഴിയെയാണ്. തിരിച്ചറിയല്‍ പരേഡില്‍ പ്രതികളില്‍ ആറുപേരെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ അദ്ദേഹം അപകടത്തില്‍ മരണപ്പട്ടു. സൈനുദ്ദീന്റെ പിതാവ് മരിച്ചതോടെ ആ മൊഴികള്‍ക്ക് വിലയില്ലാതായി. നിയമത്തിന്റെ ഈ പഴുതാണ് പ്രതികള്‍ക്ക് ഗുണകരമായത്.

പിന്നീട് സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളെടുയും അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോയത്. അത് പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്.

അന്വേഷണത്തില്‍ ചെറിയ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ സമ്മതിച്ചു. എന്നാല്‍, ഒന്നാം പ്രതിയുടെ കുറ്റസമ്മതവും ആയുധം കണ്ടെടുത്തതും ശക്തമായ തെളിവാണെന്നും ഇത് കോടതി എന്ത് കൊണ്ട് നിരാകരിച്ചു എന്നത് കുറ്റപത്രം ലഭിച്ചാലേ വ്യക്തമാവൂ എന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

അന്വേഷണത്തില്‍ പാളിച്ചയെന്ന് ബന്ധുക്കള്‍

അതേസമയം, കോടതി വിധിയില്‍ കടുത്ത നിരാശയുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സൈനുല്‍ ആബിദിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു. പൊലീസ് അന്വേഷണത്തില്‍ വലിയ വീഴ്ചകളുണ്ടായെന്നും, കൃത്യമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്നും കുടുംബം ആരോപിച്ചു.

സംഭവം നടക്കുമ്പോള്‍ പ്രതികള്‍ ഓടിമാറുന്നത് കണ്ടതായി മൊഴി നല്‍കിയ മറ്റ് സാക്ഷികളും വിചാരണവേളയില്‍ മൊഴി മാറ്റിപ്പറഞ്ഞത് പ്രോസിക്യൂഷന് തിരിച്ചടിയായി.

2014 ഡിസംബര്‍ 22-നാണ് കാസര്‍കോട് നഗരത്തിലെ എം.ജി. റോഡിലുള്ള മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ കടയില്‍ വെച്ച് സൈനുല്‍ ആബിദിന് ക്രൂരമായി വെട്ടേറ്റത്. പിതാവ് നടത്തിയിരുന്ന കടയില്‍ കയറി ഒരു സംഘം അക്രമികള്‍ ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനുല്‍ ആബിദിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ തര്‍ക്കങ്ങളും രാഷ്ട്രീയ വൈര്യവുമാണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.

Tags: Zainul Abideen Murder Case Kasaragod, Kasaragod Court Acquittal Prosecution, Zainul Abideen Father Death Prosecution, SDPI Kasaragod Crime News, Kerala Legal News Malayalam, News Malayalam

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക