22
Oct 2026
Thu
22 Oct 2026 Thu
Saudi Arabia Dammam Aramco Houthi Drone Attack Expats Killed

ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ മൂന്ന് പ്രവാസികള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ശൈബയിലെ സൗദി അരാംകോ (Saudi Aramco) എണ്ണപ്പാടത്തിനും നേരെയായിരുന്നു ആക്രമണങ്ങള്‍. പരിക്കേറ്റവരില്‍ ഒരു ഇന്ത്യന്‍ പ്രവാസിയും ഉള്‍പ്പെടുന്നുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിച്ചവരില്‍ ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളായ തൊഴിലാളികളും ഉള്‍പ്പെടുന്നു.

ദമാം വിമാനത്താവളത്തിന് നേരെ ആക്രമണം

രാത്രിയോടെ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു പ്രവാസി കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (GACA) വ്യക്തമാക്കി.

പരിക്കേറ്റവരെ ഉടനടി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ വിമാനത്താവള സമുച്ചയത്തിന് ഭാഗികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതിന്റെ കൃത്യമായ കണക്കെടുപ്പ് നടത്തുകയാണെന്നും ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

അരാംകോ എണ്ണപ്പാടത്തിന് നേരെ ഡ്രോണ്‍

കിഴക്കന്‍ പ്രവിശ്യയിലെ അരാംകോയുടെ ശൈബ എണ്ണപ്പാടത്തെ പ്ലാന്റിന് നേരെയാണ് മറ്റൊരു ഡ്രോണ്‍ ആക്രമണശ്രമമുണ്ടായത്. സൗദി വ്യോമപ്രതിരോധ സംവിധാനം (Saudi Air Defense) ഡ്രോണ്‍ വായുവില്‍ വച്ച് തന്നെ തടഞ്ഞു തകര്‍ത്തു.

എന്നാല്‍ തകര്‍ന്ന ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ശൈബ എണ്ണപ്പാടത്തിന്റെ ചുറ്റുമതിലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കരാര്‍ കമ്പനിയുടെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഈ അപകടത്തിലാണ് ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളായ രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഇന്ത്യ, പാകിസ്താന്‍ സ്വദേശികളായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ ഈ ആക്രമണശ്രമം എണ്ണപ്പാടത്തിന്റെയോ സംസ്‌കരണ പ്ലാന്റുകളുടെയോ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയം ഉറപ്പുനല്‍കി.

ഡ്രോണുകള്‍ തകര്‍ത്ത് അറബ് സഖ്യസേന

കിഴക്കന്‍ പ്രവിശ്യയിലെ സാധാരണക്കാരെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ഹൂത്തികള്‍ വിക്ഷേപിച്ച അഞ്ച് ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി അറബ് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സഖ്യസേന വ്യക്തമാക്കി.

Tags: Saudi Arabia Houthi Drone Attack, Dammam Airport Attack News, Saudi Aramco Shaybah Attack, Indian Injured Saudi Attack, Gulf News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക