കാണ്‍പൂര്‍ (ഉത്തര്‍പ്രദേശ്): നാടിനെയാകെ വിറപ്പിച്ച ദാരുണവും ക്രൂരവുമായ കൊലപാതക വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നും പുറത്തുവരുന്നത്. ദസറ ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 37-കാരനായ ബീരു സിംഗ് ഭദൗരിയ എന്ന യുവാവിനെ ശത്രുക്കള്‍ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം, കാറിന്റെ വിന്‍ഡോ ഗ്ലാസുകള്‍ക്കിടയില്‍ കൈകള്‍ കുരുക്കിയിട്ട് കാറിന്റെ റൂഫില്‍ കിടത്തി ഒന്നര കിലോമീറ്ററോളം അതിവേഗത്തില്‍ ഓടിച്ചു.
|
തുടര്‍ന്ന് കാണ്‍പൂരിലെ ഹനുമന്ത് വിഹാര്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള നഗരമധ്യത്തില്‍ വച്ച് ഇയാളെ താഴേക്ക് തള്ളിയിടുകയും, അതേ കാര്‍ ഇയാളുടെ ശരീരത്തിലൂടെ കേറ്റിക്കൊണ്ടുപോവുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബീരു സിംഗ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പഴയ ശത്രുതയും ആസൂത്രിത ആക്രമണവും
ഫുഡ് പ്രൊഡക്ട്സ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വന്നിരുന്ന ബീരു സിംഗിന് ഖാഡേപ്പൂര് സ്വദേശികളായ രാജ്വീര്, മേവാലാല്‍ എന്നിവരുമായി മുന്‍പ് ചില വാക്കേറ്റങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. ദസറ മേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബീരുവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പ്രതികളും കൂടെയുണ്ടായിരുന്ന മറ്റു ചിലരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ജീവനില്‍ ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബീരുവിനെ പ്രതികള്‍ കാറിടിപ്പിച്ചു വീഴ്ത്തി. തുടര്‍ന്ന് ഇയാളെ ബോധരഹിതനായ നിലയില്‍ പൊക്കിയെടുത്ത് കാറിന്റെ മുകളിലിടുകയും, വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഇരു കൈകളും ഗ്ലാസുകള്‍ക്കിടയില്‍ തിരുകി വിന്‍ഡോകള്‍ പൂര്‍ണ്ണമായി അടച്ച് കൈകള്‍ കുരുക്കിടുകയുമായിരുന്നു. ഈ നിലയില്‍ വാഹനം ഒന്നര കിലോമീറ്ററോളം അതിവേഗത്തില്‍ ഓടിച്ചുപോയി.
വിരലുകള്‍ തകര്‍ന്നു; റോഡില്‍ തള്ളിയിട്ട് വാഹനം കയറ്റി!
ആക്രമണത്തിനിടയില്‍ കാറിന്റെ വിന്‍ഡോ ഗ്ലാസിനുള്ളില്‍ കൈകള്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബീരു സിംഗിന്റെ വിരലുകള്‍ തകര്ന്നുപോയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാജേന്ദ്ര നഗറിന് സമീപം എത്തിയപ്പോള്‍ പ്രതികള്‍ ഇയാളെ കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിയുകയും, തുടന്ന് നിഷ്കരുണം ഇതേ വാഹനം ഇയാളുടെ ശരീരത്തിലൂടെ ഓടിച്ചുകയറ്റി കടന്നുകളയുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
വഴിപോക്കനായ ദേവേന്ദ്ര സിംഗ് ചൗഹാന് എന്നയാള്‍ പരിക്കേറ്റ് കിടന്ന ബീരുവിനെ തിരിച്ചറിയുകയും കുടുംബത്തെ വിവരമറിയിക്കുകയുമായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് നില വഷളായതിനെ തുടര്‍ന്ന് ഹാലെറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച ഉച്ചയോടെ ഇയാള്‍ മരണപ്പെടുകയായിരുന്നു. മൂന്ന് കുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ട ബീരു.
സിസിടിവി തെളിവുകളും പോലീസ് അന്വേഷണവും
സാധാരണ വാഹനാപകടമല്ലെന്നും, ആസൂത്രിതമായ കൊലപാതകമാണെന്നും വ്യക്തമാക്കിക്കൊണ്ട് ബീരു സിംഗിന്റെ ഭാര്യ റീന സിംഗും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വഴിയിലുള്ള 24-ലധികം സിസിടിവി ക്യാമറകളില്‍ അതിവേഗത്തില്‍ പായുന്ന കാറിന്റെ മുകളില്‍ ഒരാള്‍ കിടക്കുന്നതിന്റെയും, തുടര്‍ന്ന് ഇയാളെ തള്ളിയിടുന്നതിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ ഹനുമന്ത് വിഹാര്‍ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിലൊരാളായ മേവാലാലിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഫത്തേപൂരിലെ ജഹാനാബാദിലാണ് അവസാനമായി കാണിച്ചതെന്നും, ഇവരെ പിടികൂടാന്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും നൗബസ്ത എ.സി.പി അഭിഷേക് കുമാര്‍ രാഹുല്‍ വ്യക്തമാക്കി.
Tags: Kanpur Car Dragging Death, Biru Singh Murder Kanpur, UP Crime News Malayalam, Dussehra Night Crime UP, Crime News India, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




