കൊച്ചി: കൊച്ചി ചേരാനല്ലൂരില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന് ആഡംബര ബെന്‍സ് കാര്‍ പറത്തി തട്ടുകട ഉടമയെ ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് വീഴ്ചയും വിവേചനവും വിവാദങ്ങളിലേക്ക്. അപകടമുണ്ടാക്കിയ 17-കാരന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് (JJB) ജാമ്യം അനുവദിച്ചതോടെ കൊല്ലപ്പെട്ട മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) കുടുംബവും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്.
|
തുടക്കത്തില്‍ പ്രതിക്ക് അനുകൂലമായി നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ച സംഭവം വന്‍ ജനരോഷത്തിന് വഴിവെച്ചതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയെയും സിറ്റി പോലീസ് കമ്മീഷണറെയും വിളിച്ച് രൂക്ഷമായ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്ത് നരഹത്യാക്കുറ്റം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തതും രാത്രി ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയതും.
‘അച്ഛന്റെ മൃതദേഹം കിട്ടും മുന്‍പേ അവനെ ജാമ്യത്തില്‍ വിട്ടു! ജഡ്ജിയുടെ മകനായതുകൊണ്ടാണോ?
‘പോലീസ് സ്റ്റേഷന് മുന്നില്‍ ബന്ധുക്കളും എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനിടെ ജയബാലകൃഷ്ണന്റെ മകള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചത് നാടിനെ മുഴുവന്‍ വിങ്ങലാക്കി. നീതി ആവശ്യപ്പെട്ടുള്ള വൈകാരിക പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ മകളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
‘ഞങ്ങളുടെ അച്ഛനെ കാറിടിച്ച് കൊന്നവന്, അച്ഛന്റെ മൃതദേഹം വിട്ടു കിട്ടുന്നതിന് മുന്‍പ് തന്നെ പോലീസ് സ്റ്റേഷന് ജാമ്യം കൊടുത്തുവിട്ടു. കാരണം ഞങ്ങളുടെ അച്ഛന് ഒരു സാധാരണ തട്ടുകടക്കാരനും പ്രതി അഡീഷണല്‍ ജഡ്ജിയുടെ മകനുമാണ്. നിയമം സാധാരണക്കാര്‍ക്കും വലിയവര്‍ക്കും ഇവിടെ രണ്ടു രീതിയിലാണോ? നീതി കിട്ടാന്‍ ഏതറ്റം വരെയും ഞങ്ങള്‍ പോകും. അപകട സ്ഥലത്തുവെച്ച് കാര്യങ്ങള്‍ ചോദിക്കാന്‍ ചെന്നപ്പോള്‍ ‘എന്നെ നിയമം പഠിപ്പിക്കരുത്’ എന്നാണ് പ്രതിയുടെ പിതാവായ ജഡ്ജി പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്താന്‍ ശ്രമിച്ച ബന്ധുക്കളുടെ ഫോണ്‍ വാങ്ങി ചിത്രങ്ങള്‍ പോലീസിനെക്കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു…’ ജയബാലകൃഷ്ണന്റെ മകള്‍ വെളിപ്പെടുത്തി.
മണിക്കൂറില്‍ 104 കി.മീ വേഗത; ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു
അപകട സമയം കാര്‍ എത്രത്തോളം അമിതവേഗത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചു. മണിക്കൂറില്‍ 104 കിലോമീറ്റര്‍ വേഗതയിലാണ് പതിനേഴുകാരന് ബെന്‍സ് കാര്‍ ‘പറത്തി’ സഞ്ചരിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും നടത്തിയ സാങ്കേതിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും അമിതവേഗതയ്ക്കും പ്രതിക്കെതിരെ പ്രത്യേകം കേസ് നിലനില്‍ക്കുന്നുണ്ട്.
17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളെന്ന് പൊലീസ്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.
വാഹനം ഓടിക്കാനുള്ള ‘കൊതികൊണ്ടാണ്’ ആലുവയിലെ ഫ്ലാറ്റില്‍ നിന്ന് മാതാപിതാക്കള്‍ അറിയാതെ രാത്രി കാറെടുത്തതെന്നാണ് പ്രതി പോലീസിന് നല്കിയ മൊഴി. എന്നാല്‍ പ്രതിയുടെ രക്തസാമ്പിളുകള്‍ ലഹരി പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പോലീസ് വീഴ്ചയില്‍ എഡിജിപി അന്വേഷണം; ജഡ്ജിക്കെതിരെ നടപടിക്ക് അനുമതി തേടും ഒരു സാധാരണക്കാരന്റെ മരണത്തിനിടയാക്കിയ ഗുരുതരമായ കേസില്‍ തുടക്കത്തില്‍ പ്രതിയെ രക്ഷിക്കാന്‍ തുനിഞ്ഞ ചേരാനല്ലൂര്‍ പോലീസിന്റെ നടപടി വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
എഡിജിപി അന്വേഷണം: പതിനേഴുകാരന് അനധികൃതമായി സ്റ്റേഷന് ജാമ്യം നല്കാന് വഴിയൊരുക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് എഡിജിപി പി. വിജയന് അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ജഡ്ജിക്കെതിരെ കേസ്: ലൈസന്‍സില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം കൈമാറിയ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം, കാറിന്റെ ഉടമയായ ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് റിനോ ഫ്രാന്‍സിസിനെതിരെ കേസെടുക്കുന്നതിനായി പോലീസ് ഹൈക്കോടതിയുടെ അനുമതി തേടും. പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് പൂര്‍ണ്ണ നീതി ഉറപ്പാക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങള്‍.
Tags: Kochi Cheranalloor Accident Bail Row, Judge Rino Francis Son Case, Jayabalakrishnan Death Kochi Accident, ADGP P Vijayan Police Lapses Probe, Kerala Crime News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


