03
Nov 2026
Tue
03 Nov 2026 Tue
Jesus de Miguel dies after mid match collision with goal keeper

മത്സരത്തിനിടെ ഗോൾകീപ്പറുമായുണ്ടായ കൂട്ടിയിടിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്പാനിഷ് ഫുട്ബോൾ താരം ജീസസ് ഡി മിഗ്വേൽ അന്തരിച്ചു. 30 വയസ്സായിരുന്നു. സ്പാനിഷ് രണ്ടാം ഡിവിഷനിൽ ടെനറിഫെ ക്ലബിനായി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം എട്ടോടെയാണ് മരണം സംഭവിച്ചതെന്ന് ക്ലബ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എഫ്.സി. അൻഡോറയുടെ ഗോൾകീപ്പറും ഇക്വറ്റോറിയൽ ഗിനിയൻ താരവുമായ ജീസസ് ഒവോനോ പന്ത് ക്ലിയർ ചെയ്യാനായി ഗോൾപോസ്റ്റിന് പുറത്തേക്ക് ഓടിയെത്തിയപ്പോഴാണ് മധ്യനിരയിൽ വെച്ച് ഡി മിഗ്വേലുമായി കൂട്ടിയിടിച്ചത്. മത്സരം അവസാനിക്കാനിരിക്കെ ഇരു ടീമുകളും 2–2ന് തുല്യത പാലിച്ചുനിൽക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഗോൾകീപ്പർക്ക് ചുവപ്പുകാർഡ് ലഭിച്ചു. പിന്നീട് മത്സരം ഉപേക്ഷിച്ചു.

കൂട്ടിയിടിക്ക് പിന്നാലെ ഡി മിഗ്വേലിന് ഹൃദയസ്തംഭനമുണ്ടായതായും അടിയന്തരമായി പുനരുജ്ജീവന നടപടികൾ സ്വീകരിച്ചതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി. എന്നാൽ താരത്തിന്റെ നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ആരോഗ്യനില വഷളായതായി ടെനറിഫെ ക്ലബ് പിന്നീട് അറിയിച്ചിരുന്നു.

താരത്തിന്റെ മരണത്തിൽ സ്പാനിഷ് ഫുട്ബോൾ ലോകം അനുശോചനം രേഖപ്പെടുത്തി. റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ പ്രമുഖ ക്ലബുകളും അനുശോചന സന്ദേശങ്ങൾ പങ്കുവെച്ചു. മുൻ ബാഴ്സലോണ താരം ജെറാർഡ് പിക്വെയും ആദരാഞ്ജലികൾ അർപ്പിച്ചു.

മരണത്തിൽ ആദരസൂചകമായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന കോപ്പ ഡെൽ റേ, കോപ്പ ഡെ ലാ റീന മത്സരങ്ങൾ മാറ്റിവെച്ചു. റയൽ മാഡ്രിഡ് പരിശീലനത്തിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിച്ചു.

2025ലെ വേനൽക്കാലത്താണ് ഡി മിഗ്വേൽ കാസ്റ്റെയോണിൽനിന്ന് ടെനറിഫെയിലെത്തിയത്. ക്ലബിന്റെ രണ്ടാം ഡിവിഷനിലേക്കുള്ള സ്ഥാനക്കയറ്റത്തിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു അദ്ദേഹം. ലെഗാനെസിന്റെ യൂത്ത് ടീമിലൂടെയാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്. പിന്നീട് നിരവധി ക്ലബുകൾക്കായി കളിച്ചു.

ALSO READ: ഭർത്താവുമായുള്ള തർക്കം ഗർഭച്ഛിദ്രത്തിന് കാരണമാകില്ല; ജനിക്കാനിരിക്കുന്ന കുട്ടിയിൽ പിതാവിനും അവകാശമുണ്ട്: സുപ്രീം കോടതി!

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക