12
Nov 2026
Thu
12 Nov 2026 Thu

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിങ്ങിനിടെ കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ (എസ്പിഒ) മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെത്തി. ദുർഘടമായ ദച്ചൻ-മർവാ മേഖലയിലെ ധേർണ പോസ്റ്റിന് സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളുടെ തലയിലും മറ്റൊരാളുടെ മുതുകിലുമാണ് വെടിയേറ്റത്. ധേർണ പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകരെ മാറ്റുന്നതിനായി പോകുന്നതിനിടെയാണ് ഇരുവരും ആക്രമണത്തിന് ഇരയായതെന്നാണ് പ്രാഥമിക നിഗമനം.

ഇരുവരും സൈന്യത്തോടൊപ്പം പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആദ്യം മൊബൈൽ ഫോണുകൾ ലഭ്യമായിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആകുകയായിരുന്നു. പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോർട്ടുകളുണ്ട്.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥർ കൈവശം കരുതിയിരുന്ന ഇൻസാസ്, .303 റൈഫിളുകളും കാണാതായിട്ടുണ്ട്. ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആയുധങ്ങൾ കൈക്കലാക്കിയതാകാമെന്നാണ് സംശയം.

സംഭവത്തിന് പിന്നാലെ പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസും സുരക്ഷാസേനയും സംയുക്ത തിരച്ചിൽ ശക്തമാക്കി. കിഷ്ത്വാറിലെ വനമേഖലകളിൽ ഭീകരസാന്നിധ്യം ഇല്ലാതാക്കുന്നതിനുള്ള സുരക്ഷാ നടപടികൾ തുടരുന്നതിനിടെയാണ് ആക്രമണം.

കഴിഞ്ഞ ഒക്ടോബർ 16നും കിഷ്ത്വാറിൽ 55കാരനായ മറ്റൊരു സ്പെഷ്യൽ പൊലീസ് ഓഫീസർ ബഷീർ അഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭൂമി തർക്കത്തെത്തുടർന്ന് ബന്ധുക്കൾ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക