07
Nov 2026
Sat
07 Nov 2026 Sat

മതവിശ്വാസത്തിന്റെ പേരിൽ രക്തം സ്വീകരിച്ചുള്ള ചികിത്സ നിരസിച്ചതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട 26കാരന്റെ മരണത്തിന് പിന്നാലെ വിവാദമായി യഹോവയുടെ സാക്ഷികൾ (Jehovah’s Witnesses) സഭയുടെ പുതിയ തീരുമാനം. അമേരിക്കയിലെ ടെക്സസിൽ താമസിച്ചിരുന്ന ഐസക് വാൽഡസ് ആണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഐസക്കിന്റെ മരണത്തിന് വെറും 23 ദിവസത്തിനുശേഷം രക്തത്തിന്റെ വിവിധ ഘടകങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് വിശ്വാസികൾക്ക് അനുമതി നൽകുന്ന നിലപാട് സഭ പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വർഷം ഓഗസ്റ്റിൽ ലൈബ്രറിയിൽവെച്ച് അപസ്മാരബാധയുണ്ടായ ഐസക് നിലത്തുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. എന്നാൽ മതവിശ്വാസത്തിന്റെ ഭാഗമായി രക്തം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കുന്ന ‘നോ ബ്ലഡ്’ കാർഡ് കൈവശമുണ്ടായിരുന്നതിനാൽ രക്തം ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് തയ്യാറായില്ല. തുടർന്ന് തലച്ചോറിലെ ദ്രാവകം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും നടന്നില്ല.

തുടക്കത്തിൽ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് ഐസക് കോമയിലായി. അടിയന്തര ശസ്ത്രക്രിയ മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള വഴിയെന്നും അതിന് രക്തം നൽകേണ്ടിവരുമെന്നും ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. എന്നാൽ ഐസക്കിന്റെ വിശ്വാസത്തെയും ആഗ്രഹത്തെയും മാനിച്ച് കുടുംബം ചികിത്സയ്ക്ക് അനുമതി നൽകിയില്ല. ഓഗസ്റ്റ് 26ന് വെന്റിലേറ്റർ സഹായം പിൻവലിച്ചതോടെ ഐസക് മരിച്ചു.

1945 മുതൽ യഹോവയുടെ സാക്ഷികൾ സഭ രക്തം സ്വീകരിച്ചുള്ള ചികിത്സയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ബൈബിളിലെ രക്തം വർജിക്കണമെന്ന നിർദേശങ്ങളുടെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിലപാട്. എന്നാൽ പുതിയ തീരുമാനപ്രകാരം പ്ലാസ്മ, ചുവന്ന രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ തുടങ്ങിയ രക്തഘടകങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ സ്വീകരിക്കണോ എന്ന് ഇനി വിശ്വാസികൾക്ക് വ്യക്തിപരമായി തീരുമാനിക്കാം. പൂർണ രക്തം സ്വീകരിക്കുന്നതിനുള്ള വിലക്ക് തുടരുമെന്നാണ് സഭയുടെ വിശദീകരണം.

സഭയുടെ തീരുമാനം നേരത്തെയുണ്ടായിരുന്നെങ്കിൽ തന്റെ ഇരട്ടസഹോദരൻ ഐസക്കിന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നാണ് സഹോദരൻ ജേക്കബ് വാൽഡസിന്റെ പ്രതികരണം. നിയമം മാറ്റാൻ ഇത്രയും വൈകിയതിൽ സഭാ നേതൃത്വത്തോട് അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ചികിത്സ നിരസിച്ചതിനെ തുടർന്ന് നഷ്ടമായ ജീവനുകളുടെ ഉത്തരവാദിത്വം സഭ ഏറ്റെടുക്കണമെന്നും നേതൃത്വം നേരിട്ട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പുതിയ തീരുമാനം വിശ്വാസികൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. വർഷങ്ങളായി രക്തം സ്വീകരിക്കരുതെന്ന് മറ്റുള്ളവരെ ഉപദേശിച്ചിരുന്ന പലർക്കും നിലപാടിലെ മാറ്റം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ലോകമെമ്പാടുമായി ഏകദേശം 90 ലക്ഷം അനുയായികളുള്ള സഭയുടെ പുതിയ തീരുമാനം മതവിശ്വാസവും ആധുനിക വൈദ്യചികിത്സയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.

ALSO READ: മർദ്ദന പരാതി നൽകിയ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; കൂടുതൽ കേസുകൾക്ക് സാധ്യത

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക