തിരുവനന്തപുരം: നഗരമധ്യത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ചാല മാര്‍ക്കറ്റില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. ജ്വല്ലറി ഉടമയില്‍നിന്ന് രണ്ടു കിലോഗ്രാമോളം (250 പവന്‍) സ്വര്‍ണമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചുപറിച്ചത്. ചാല സഭാവതി കോവില്‍ റോഡില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.
|
മഹാരാഷ്ട്ര സ്വദേശികള്‍ നടത്തുന്ന ‘വൈഷ്ണവി ജ്വല്ലറി’യുടെ ഉടമയില്‍ നിന്നാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. പഴയ സ്വര്‍ണം ശേഖരിക്കുന്നതും മറ്റു കടകളില്‍ നിന്നുള്ള സ്വര്‍ണം ഉരുക്കിയെടുക്കുന്നതുമാണ് ഈ സ്ഥാപനം. പതിവുപോലെ കടയടച്ച് സ്വര്‍ണവുമായി വലിയശാലയിലുള്ള വീട്ടിലേക്ക് മടങ്ങവെയാണ് അക്രമികള്‍ സംഘടിതമായി എത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വ്യാപാരികള്‍ നല്‍കുന്ന വിവരം. ജ്വല്ലറി ഉടമ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ പിന്തുടര്‍ന്നെത്തിയ സംഘം സഭാവതി കോവില്‍ റോഡില്‍ വെച്ച് തടഞ്ഞുനിര്‍ത്തി സ്വര്‍ണം അടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു.
ചാല കമ്പോളത്തിന്റെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ഒരു വലിയ കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫോര്‍ട്ട് പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നഗരത്തില്‍ വ്യാപകമായി ബാരിക്കേഡുകള്‍ വെച്ച് പരിശോധനകള്‍ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Tags: Thiruvananthapuram Gold Theft, Chala Market Crime, Kerala Gold Robbery, Fort Police Station, Jewellery Owner Robbed, Crime News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




