തിരൂര്‍ (മലപ്പുറം): പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാകാന്‍ കാമുകനെതിരെ ക്വട്ടേഷന്‍ നല്കിയ 19-കാരിയും കൂട്ടാളികളും പൊലീസിന്റെ പിടിയിലായി. പട്ടാമ്പി പെരുമൊടിയൂര് പനങ്ങാട്തൊടി സഫാന (19), സുഹൃത്തുക്കളായ തിരൂര്‍ നോര്‍ത്ത് അന്നാര പുതുക്കുളങ്ങര വീട്ടില്‍ നാദിയ (20), റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കല്‍ ഇര്‍ഷാദ് (28), പറവണ്ണ ബദനത്ത് വീട്ടില്‍ അസറുദ്ദീന് (25) എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
|
പ്രധാന വിവരങ്ങൾ (Key Highlights)
- ക്വട്ടേഷൻ നൽകിയത് 19-കാരി: കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ കേസിൽ പട്ടാമ്പി സ്വദേശിനി സഫാന (19) ഉൾപ്പെടെ അഞ്ചംഗ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
- തട്ടിക്കൊണ്ടുപോയി മർദനം: കാമുകിയെ തേടി തിരൂരിലെത്തിയ 19-കാരനെയും സുഹൃത്തിനെയും തന്ത്രപൂർവ്വം വിളിച്ചുവരുത്തി കാറിൽ കയറ്റി ക്രൂരമായി മർദിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
- കാരണമായി യുവതി പറഞ്ഞത്: കാമുകൻ നിരന്തരം ശല്യം ചെയ്യുന്നുവെന്നും സ്വകാര്യതയും സ്വാതന്ത്ര്യവും നൽകുന്നില്ലെന്നുമാണ് ക്വട്ടേഷൻ നൽകാൻ കാരണമായി സഫാന പൊലീസിന് നൽകിയ മൊഴി.
- ക്രിമിനൽ പശ്ചാത്തലമുള്ള കൂട്ടാളികൾ: അറസ്റ്റിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ ലഹരിമരുന്ന് കടത്ത്, വധശ്രമം തുടങ്ങിയ കേസുകളിൽ മുമ്പ് ജയിൽവാസം അനുഭവിച്ചവരാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
സഫാനയുടെ കാമുകനായ പട്ടാമ്പി കൊണ്ടൂര്‍കര സ്വദേശിയായ 19-കാരനെയാണ് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വധിക്കാന്‍ ശ്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ അഞ്ച് പ്രതികളെയും റിമാന്‍ഡ് ചെയ്തു.
അര്‍ധരാത്രിയിലെ കെണി; കാറില്‍ കയറ്റി ക്രൂരമര്‍ദനം
കഴിഞ്ഞ ദിവസം സഫാന തിരൂര്‍ അന്നാരയിലുള്ള സുഹൃത്തുക്കളായ നാദിയയുടെയും റബീബയുടെയും വീട്ടിലേക്ക് എത്തിയിരുന്നു. ഇതറിഞ്ഞ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ സഫാനയെ അന്വേഷിച്ച് കാമുകന് മറ്റൊരു സുഹൃത്തിനൊപ്പം തിരൂരിലെത്തി.
യുവാവ് ഫോണില്‍ വിളിച്ചപ്പോള്‍, സഫാനയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തായ നാദിയ റെയില്‍വേ സ്റ്റേഷന് പരിസരത്തേക്ക് എത്തി. നാദിയയ്ക്കൊപ്പം ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഇര്‍ഷാദും അസറുദ്ദീനും ഉണ്ടായിരുന്നു.
റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് താഴേപ്പാലം ബൈപാസിലൂടെ നടന്നുപോയ ഇവരെ, മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കാമുകനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ക്രൂരമായി മര്‍ദിക്കുകയും യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുകയും ചെയ്തു.
മര്‍ദനത്തിനൊടുവില്‍ പുലര്‍ച്ചെ ഒന്നരയോടെ താഴേപ്പാലം പുഴയോരത്ത് റോഡരികില്‍ യുവാവിനെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടന്‍ തന്നെ വിവരം തിരൂര്‍ പൊലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
‘സ്വാതന്ത്ര്യം തരുന്നില്ല’; യുവതിയുടെ മൊഴി
പരാതി ലഭിച്ചയുടന്‍ തിരൂര്‍ ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനുഷ ഗോപിനാഥ്, മിഥുന്, നസീര്‍ തിരൂര്‍ക്കാട് എന്നിവരടങ്ങിയ പ്രത്യേക സംഘം നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ തന്നെ പ്രതികള്‍ വലയിലായി. ചോദ്യം ചെയ്യലില്‍, കാമുകന് തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്നും സ്വകാര്യതയും സ്വാതന്ത്ര്യവും നല്കുന്നില്ലെന്നുമാണ് ക്വട്ടേഷന്‍ നല്കാന് കാരണമായി സഫാന പൊലീസിന് നല്കിയ മൊഴി.
ക്രിമിനല്‍ പശ്ചാത്തലമുള്ള കൂട്ടാളികള്‍
കേസില്‍ അറസ്റ്റിലായ പറവണ്ണ സ്വദേശികളായ ഇര്‍ഷാദ്, അസറുദ്ദീന് എന്നിവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് കണ്ടെത്തി. ലഹരിമരുന്ന് കടത്ത് കേസുകളില്‍ ഉള്‍പ്പെട്ട് ഇവര്‍ മുമ്പ് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കൂടാതെ, തിരൂര്‍ തീരദേശ മേഖലകളില്‍ നടന്ന നിരവധി വധശ്രമം, അടിപിടി കേസുകളിലും ഇരുവരും പ്രതികളാണ്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, വധശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Tags: Tirur News, Malappuram Crime News, Quotation Attack Kerala, Boyfriend Kidnapped Tirur, Kerala Police, Crime News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





