13
Nov 2026
Fri
13 Nov 2026 Fri
University College Assistant Professor Poornima J Prakash Found Dead

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആലപ്പുഴ സ്വദേശിനി പൂര്‍ണിമ ജെ. പ്രകാശിനെ (45) പൂജപ്പുര ചാടിയറ ലൈനിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പൂജപ്പുര പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവിവാഹിതയായ ഇവര്‍ പൂജപ്പുരയിലെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അടുത്ത ബന്ധുക്കള്‍ ആരും ഒപ്പമില്ലായിരുന്നു. അധ്യാപികയുടെ അത്യന്തം ദുഃഖകരമായ വിയോഗത്തിന്റെ ഞെട്ടലിലാണ് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും.

വിവരം പുറത്തറിഞ്ഞത് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍

പൂര്‍ണിമ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്നു. ബുധനാഴ്ച അവധി അവസാനിച്ചിട്ടും അവര്‍ കോളജില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ അധ്യാപികയെക്കുറിച്ച് അന്വേഷിക്കാന്‍ പൂജപ്പുരയിലെ വീട്ടിലെത്തുകയായിരുന്നു.

വീട്ടിലെത്തിയ സഹപ്രവര്‍ത്തകര്‍ക്ക് ഉള്ളില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഉടന്‍ തന്നെ പൂജപ്പുര പൊലീസില്‍ വിവരം അറിയിക്കുകയും, പൊലീസെത്തി വീടിന്റെ വാതില്‍ തുറന്ന് പരിശോധന നടത്തിയപ്പോഴാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് വ്യക്തമാക്കി.

പോലീസ് അന്വേഷണം പുരോഗമിക്കുന്നു

മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തുടര്‍നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: University College Thiruvananthapuram, Poornima J Prakash, Kerala Professor Death, Poojappura Police Station, Thiruvananthapuram News, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക