ഹരിപ്പാട് (ആലപ്പുഴ): നാടിനെ നടുക്കിയ ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി പണവും സ്വര്‍ണവും മോഷ്ടിച്ചത് ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണെന്ന് വ്യക്തമാക്കുന്ന 740 പേജുള്ള കുറ്റപത്രമാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം.
|
കൊല്ലപ്പെട്ടയാളുടെ 13 കാരിയായ കൊച്ചുമകളാണ് ഈ ക്രൂരകൃത്യം മുഴുവനായും ആസൂത്രണം ചെയ്തത് എന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണ സംഘം പുറത്തുകൊണ്ടുവന്നത്. കൊല്ലം പരവൂര്‍ സ്വദേശികളായ 16-18 പ്രായപരിധിയിലുള്ള മൂന്ന് കൗമാരക്കാരാണ് അതിക്രൂരമായി കൊലപാതകം നടത്തിയത്. ഒരു കൊലക്കേസിലെ എല്ലാ പ്രതികളും 18 വയസ്സില്‍ താഴെയുള്ളവരാണെന്ന അപൂര്‍വതയും ഈ കേസിലുണ്ട്.
മോഷണത്തില്‍ തുടങ്ങി കൊലപാതകത്തിലേക്ക്
ബൈക്കും ഐഫോണും വാങ്ങുന്നതിനായി പണം കണ്ടെത്താന്‍ വീട്ടില്‍ നിന്ന് പണം മോഷ്ടിക്കാമെന്നായിരുന്നു പതിമൂന്നുകാരിയുടെ ആദ്യ തീരുമാനം. എന്നാല്‍ ഓഗസ്റ്റ് 14ന് അലമാരയുടെ പൂട്ട് പൊളിക്കാന്‍ ശ്രമിക്കുന്നത് കണ്ടുപിടിച്ച മുത്തച്ഛന് കുട്ടിയെ തല്ലുകയും ശകാരിക്കുകയും ചെയ്തു.
കുട്ടിയുടെ അമ്മയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ ആ സമയത്ത് മുത്തച്ഛനും കൊച്ചുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോഷണം നടത്തിയാല്‍ താനാണ് ഇതിനു പിന്നിലെന്ന് മുത്തച്ഛന് മനസ്സിലാക്കുമെന്ന് ഭയന്ന പെണ്‍കുട്ടി, കൂട്ടുകാരനായ കൊല്ലം സ്വദേശിയുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. സുഹൃത്ത് തന്റെ മറ്റ് രണ്ട് സുഹൃത്തുക്കളുടെ സഹായവും തേടി. പെണ്‍കുട്ടി അയച്ചുകൊടുത്ത വീടിന്റെ ലൊക്കേഷനും ചാറ്റുകളുമാണ് കേസില്‍ നിര്‍ണായക തെളിവായത്.
അതിക്രൂരമായ കൊലപാതകവും തെളിവുകളും
ഓഗസ്റ്റ് 15ന് രാത്രിയോടെ ഹരിപ്പാട്ടെത്തിയ മൂന്നംഗ സംഘം അതിവിദഗ്ദ്ധമായി കൃത്യം നടപ്പാക്കി. സംഭവസമയത്ത് പെണ്‍കുട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് വീഡിയോ കോളിലൂടെയാണ് ഇവര്‍ക്ക് അലമാരയുടെ സ്ഥാനവും മറ്റും കാട്ടിക്കൊടുത്തത്.
ശുചിമുറിയുടെ മേല്‍ക്കൂര ഉയര്‍ത്തി വെന്റിലേഷനിലൂടെയാണ് കൗമാരക്കാര്‍ അകത്തുകടന്നത്. കിടക്കവിരി ഗൃഹനാഥന്റെ മുഖത്തമര്‍ത്തി ബോധരഹിതനാക്കിയ ശേഷം വായില്‍ തുണി തിരുകി.
കൈകാലുകള്‍ മുണ്ടും തോര്‍ത്തും ഉപയോഗിച്ച് മുറുകെ കെട്ടിയ ശേഷം കഴുത്തിലും തലയിലും ചവിട്ടിയും മര്‍ദിച്ചുമാണ് കൊലപ്പെടുത്തിയത്. ഈ കൃത്യത്തില്‍ ആയുധങ്ങള്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ എത്തി കൊലപാതകം നടന്ന വീട്ടിലേക്ക് പോകുന്നതും തിരികെ മടങ്ങുന്നതുമായ 6 സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാണ്. ഹരിപ്പാട് ഇന്‍സ്പെക്ടര്‍ ബി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 82 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രതികളായ കൗമാരക്കാരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്തണമെന്ന അപേക്ഷയും അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുണ്ട്.
Tags: Haripad Murder Case, Karuvatta Crime News, Kerala Juvenile Crime, Alappuzha News, Haripad Police, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





