13
Nov 2026
Fri
13 Nov 2026 Fri
IAF Wing Commander Arrested Espionage Case

ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഡല്‍ഹി പൊലീസിന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനയിലെ (IAF) വിങ് കമാണ്ടറുടെ ചാര കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്റുമാരുടെ ‘ഹണിട്രാപ്പി’ല്‍ വീണ ഉദ്യോഗസ്ഥന്‍ രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. സൈന്യത്തിന്റെ അതീവ രഹസ്യമായ യുദ്ധപദ്ധതികള്‍ മുതല്‍ വ്യോമസേനയുടെ നിര്‍ണായക വിവരങ്ങള്‍ വരെ പ്രതി ചോര്‍ത്തി നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാക് ഏജന്റിന് രഹസ്യ വിവരങ്ങള്‍ കൈമാറിയതിന് മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ വിങ് കമാന്‍ഡര്‍ക്കെതിരെ ഡല്‍ഹിയിലെ കോടതിയിലാണ് പൊലീസ് 740 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

ഒരു ചിത്രത്തിന് ഒരു പേജ് രഹസ്യം

പാകിസ്ഥാന്‍ ഓപ്പറേറ്റര്‍ അയച്ചുകൊടുക്കുന്ന ഓരോ നഗ്‌നചിത്രത്തിനും പകരമായി താന്‍ യുദ്ധപദ്ധതിയുടെ ഓരോ പുതിയ പേജ് വീതം അപ്ലോഡ് ചെയ്തിരുന്നതായി ഉദ്യോഗസ്ഥന്‍ സമ്മതിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

ഈ വര്‍ഷം ജനുവരി 12 മുതല്‍ ഏപ്രില്‍ 1 വരെ വാട്‌സാപ്പ് വഴി പ്രതി പാക് ഏജന്റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതിനിടയില്‍ 3,008 ടെക്സ്റ്റ് സന്ദേശങ്ങളും 65 ചിത്രങ്ങളും 42 വോയ്‌സ് കോളുകളും ഇവര്‍ തമ്മില്‍ കൈമാറി.

മറ്റ് സഹപ്രവര്‍ത്തകരുടെ ഫോണുകളിലും സ്‌പൈവെയര്‍

പ്രതിയുടെ ഡിവൈസുകള്‍ മാത്രമല്ല, അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്തിരുന്ന അഞ്ച് കീഴുദ്യോഗസ്ഥരുടെ ഔദ്യോഗിക ഐ.സി.ടി ഉപകരണങ്ങളിലും പാക് ഏജന്റ് അയച്ച മാല്‍വെയറുകളും സ്‌പൈവെയറുകളും ഇന്‍സ്റ്റാള്‍ ചെയ്തതായും പൊലീസ് കണ്ടെത്തി.

ചോര്‍ത്തിയത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍

വ്യോമസേനയുടെ അതീവ രഹസ്യമായ ഡ്രോണ്‍ യൂണിറ്റിന്റെ ഘടനയും ശേഷിയും, ഡ്രോണ്‍ പരീക്ഷണ വിവരങ്ങള്‍, ടാര്‍ഗെറ്റിങ് മെക്കാനിസങ്ങള്‍ എന്നിവ പാക് ഏജന്റിന് കൈമാറിയവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ലേയിലെ ഫൈറ്റര്‍ ജെറ്റുകളുടെ വിന്യാസം, സൂറത്ഗഡിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചിലെ സൈനികാഭ്യാസം തുടങ്ങിയ നിര്‍ണായക വിവരങ്ങളും ചോര്‍ന്നു.

ഓഫീസില്‍ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ടുപോകുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തപ്പെട്ടത് രാജ്യത്തിന്റെ പ്രതിരോധ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Tags: IAF Wing Commander Arrested, Official Secrets Act, Pakistan Honey Trap, Military Espionage India, Delhi Police Chargesheet, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക