മുൻ മദ്രാസ്, കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ (71) അന്തരിച്ചു. വെള്ളിയാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം നവംബർ 14 ശനിയാഴ്ച നടക്കും.
|
2009ലാണ് കരുണാനിധി എന്ന പേരിൽ ജനിച്ച സി.എസ്. കർണൻ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 2016ൽ കൽക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജയിലിലാകുന്ന ആദ്യ സിറ്റിങ് ഹൈക്കോടതി ജഡ്ജിയെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് കോടതിയലക്ഷ്യക്കേസിൽ കർണനെ ആറുമാസം തടവിന് ശിക്ഷിച്ചിരുന്നു. സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശങ്ങളും ഉത്തരവുകളുമായിരുന്നു നടപടിക്ക് കാരണമായത്. അറസ്റ്റിന് ഉത്തരവിട്ടെങ്കിലും ഒരു മാസത്തിലേറെ അദ്ദേഹം ഒളിവിൽ കഴിഞ്ഞു. ഇതിനിടെ സർവീസിൽനിന്ന് വിരമിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ആറ് ജഡ്ജിമാർക്കുമെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ശിക്ഷ വിധിച്ച് കർണൻ ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. 2020ൽ ജഡ്ജിമാരെയും അവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. നിരുപാധികം മാപ്പുപറഞ്ഞതും ആരോഗ്യസ്ഥിതിയും പരിഗണിച്ച് പിന്നീട് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





