13
Nov 2026
Fri
13 Nov 2026 Fri
Tigress Mauls Teen To Death At TikTok Video

പാകിസ്ഥാനിൽ ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായി കൂട്ടിൽനിന്ന് പുറത്തിറക്കിയ കടുവയുടെ ആക്രമണത്തിൽ 19കാരന് ദാരുണാന്ത്യം. ലാഹോറിലെ കഹ്നയിലുള്ള സ്വകാര്യ ഫാം ഹൗസിലാണ് സംഭവം. ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററായ നൗമാൻ ഹസന്റെ ആവശ്യപ്രകാരം കടുവയെ കൂട്ടിൽനിന്ന് പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫാം ഹൗസിലെ ജീവനക്കാരനായ തൽഹയാണ്(19) കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തൽഹയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാം ഹൗസിലെ പ്രജനന കേന്ദ്രത്തിൽ വളർത്തിയിരുന്ന പെൺകടുവയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഫാം ഉടമ ഫയാസ്, ടിക് ടോക്കർ നൗമാൻ ഹസൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന്റെ യഥാർഥ കാരണം മറച്ചുവെക്കാൻ ആദ്യം ശ്രമം നടന്നതായും പൊലീസ് വ്യക്തമാക്കി. തൽഹയെ നായയാണ് ആക്രമിച്ചതെന്നായിരുന്നു ടിക് ടോക്കറുടെ ആദ്യ വിശദീകരണം. എന്നാൽ അന്വേഷണത്തിലാണ് കടുവയുടെ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. കടുവയെ പിന്നീട് വനംവകുപ്പിന്റെ സംരക്ഷണത്തിലേക്ക് മാറ്റി.

ഫാം ഹൗസിൽ കടുവയെ വളർത്താൻ ആവശ്യമായ അനുമതിയുണ്ടായിരുന്നോ, സുരക്ഷാ സംവിധാനങ്ങൾ പാലിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിനോദത്തിന്റെയോ ഹോബിയുടെയോ പേരിൽ മനുഷ്യജീവൻ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്ന് ലാഹോർ പൊലീസ് പ്രതികരിച്ചു. ടിക് ടോക്കിനോടുള്ള ആവേശം മനുഷ്യജീവനേക്കാൾ പ്രധാനമാകരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

കടുവകളും പുലികളുമൊത്തുള്ള അപകടകരമായ വീഡിയോകളിലൂടെ നേരത്തെയും ശ്രദ്ധ നേടിയിട്ടുള്ളയാളാണ് നൗമാൻ ഹസൻ. ചങ്ങലയ്ക്കിട്ട കടുവയെ ചുംബിക്കാൻ ശ്രമിക്കുന്നതും പുലിയെ തലോടുന്നതിനിടെ അത് ചാടിവീണ് ആക്രമിക്കുന്നതുമായ ദൃശ്യങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക