പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള വ്യക്തിക്ക് ഇന്ത്യൻ വ്യോമസേനയുടെ അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ വിങ് കമാൻഡർക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നഗ്നചിത്രങ്ങൾ അയച്ചുനൽകിയതിന് പകരമായി സൈനിക രഹസ്യങ്ങൾ കൈമാറിയെന്നാണ് പൊലീസിന്റെ ആരോപണം. അഞ്ച് മാസമായി ഇയാൾ കസ്റ്റഡിയിലാണ്.
|
വ്യോമസേനയുടെ രഹസ്യ യുദ്ധപദ്ധതികൾ, ഡ്രോൺ യൂണിറ്റുകളുടെ ശേഷി, യുദ്ധവിമാനങ്ങളുടെ വിന്യാസം, സൈനിക അഭ്യാസങ്ങൾ, തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ഇയാൾ കൈമാറിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2026 ജനുവരി 12 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് വാട്സ്ആപ്പിലൂടെ പാക് ചാരനുമായി ഇയാൾ ബന്ധപ്പെട്ടിരുന്നത്. ഏപ്രിൽ ഒന്നിന് ഓഫീസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോയതിനെ തുടർന്ന് ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
പാക് ചാരൻ നഗ്നചിത്രം അയച്ചപ്പോൾ അതിന് മറുപടിയായി രഹസ്യ യുദ്ധപദ്ധതിയുടെ ഒരു പേജ് വിങ് കമാൻഡർ കൈമാറിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഓരോ നഗ്നചിത്രത്തിനും പകരമായി യുദ്ധപദ്ധതി രേഖകളുടെ ഓരോ പേജ് നൽകാമെന്ന നിർദേശവും ഇയാൾ മുന്നോട്ടുവച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
ചോർത്തിയ വിവരങ്ങൾ
വ്യോമസേനയുടെ പ്രത്യേക ഡ്രോൺ യൂണിറ്റിന്റെ അംഗബലം, സംഘടനാ ഘടന, പ്രവർത്തനരീതി, ഡ്രോൺ പരീക്ഷണങ്ങൾ, പറക്കൽ ശേഷി, ആയുധ ലക്ഷ്യനിർണയ സംവിധാനങ്ങൾ തുടങ്ങിയ വിവരങ്ങൾ കൈമാറിയെന്നാണ് ആരോപണം. യുദ്ധസാഹചര്യത്തിൽ ഡ്രോൺ യൂണിറ്റിനെ വിന്യസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകിയിരുന്നു. ലേയിൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും രാജസ്ഥാനിലെ സൂറത്ത്ഗഢിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടന്ന സൈനിക അഭ്യാസത്തിന്റെ വിശദാംശങ്ങളും കൈമാറിയതായി പൊലീസ് ആരോപിക്കുന്നു.
സഹപ്രവർത്തകരുടെ ഫോണുകളിലും ചാരസോഫ്റ്റ്‌വെയർ
തന്റെ കീഴിൽ ജോലി ചെയ്തിരുന്ന അഞ്ച് ഉദ്യോഗസ്ഥരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ മാൽവെയർ, സ്പൈവെയർ എന്നിവ സ്ഥാപിക്കാൻ വിങ് കമാൻഡർ സഹായിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇവരുടെ ഫോണുകളിലെ രഹസ്യ വിവരങ്ങളും മേലുദ്യോഗസ്ഥരുമായുള്ള ആശയവിനിമയങ്ങളും ചോർത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ സംശയം.
വിങ് കമാൻഡറും പാക് ചാരനെന്ന് സംശയിക്കുന്ന വ്യക്തിയും തമ്മിലുള്ള വാട്സ്ആപ്പ് ആശയവിനിമയത്തിൽ 3,008 ടെക്സ്റ്റ് സന്ദേശങ്ങൾ, 65 ചിത്രങ്ങൾ, 65 പ്രതികരണങ്ങൾ, 42 ശബ്ദ കോളുകൾ, നാല് വീഡിയോ കോളുകൾ, ആറ് വെബ് ലിങ്കുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സൈനിക സുരക്ഷയെ ബാധിക്കാവുന്ന വിവരങ്ങൾ എത്രത്തോളം ചോർന്നുവെന്നും ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ALSO READ: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയടക്കം ശിക്ഷിച്ചു ഞെട്ടിച്ച ജസ്റ്റിസ് സി.എസ് കർണൻ അന്തരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





